ഇടുക്കി മാങ്കുളത്ത് ഗ്രാമപഞ്ചായത്തംഗത്തിന് കുത്തേറ്റു.മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറും ഏട്ടാം വാർഡ് അംഗവുമായ കിഴക്കേൽ ബിബിൻ ജോസഫിനാണ് കത്തികൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റത്.ബിബിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ മൂന്നാർ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ രാത്രിയിലാണ് സംഭവം നടന്നത്. മാങ്കുളം ടൗണിൽ വച്ച് മാങ്കുളം ഗ്രാമ പഞ്ചായത്തംഗമായ കിഴക്കേൽ ബിബിൻ ജോസഫിന് കുത്തേൽക്കുകയായിരുന്നു.സംഭവത്തെ തുടർന്ന് പരിക്കേറ്റ ബിബിനെ ആദ്യം അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തിൽ മാങ്കുളം സ്വദേശികളായ രണ്ട് പേർ ഉൾപ്പെട്ടിട്ടുള്ളതായാണ് മൂന്നാർ പോലീസ് നൽകുന്ന വിവരം. ഇവരുമായി ഉണ്ടായ വാക്ക് തർക്കത്തിനിടയിൽ അപ്രതീക്ഷിതമായി ബിബിന് കുത്തേൽക്കുകയായിരുന്നുവെന്ന് മൂന്നാർ സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.സംഭവത്തിൽ പോലീസ് ബിബിൻ്റെ മൊഴി രേഖപ്പെടുത്തും.
ഇതിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും മൂന്നാർ സി ഐ വ്യക്തമാക്കി.മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറും നിലവിൽ ഏട്ടാം വാർഡ് അംഗവുമാണ് കത്തികൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റ ബിബിൻ ജോസഫ്.