Share this Article
Flipkart ads
മന്ത്രി സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി;'എക്‌സൈസ് ആദ്യം കുട്ടികളെ ഉപദേശിക്കണമായിരുന്നു'; ന്യായീകരിച്ചതിൽ ഉറച്ച് മന്ത്രി
വെബ് ടീം
posted on 03-01-2025
1 min read
saji cheriyan

ആലപ്പുഴ/തൃശൂര്‍: മന്ത്രി സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കി. കെപിസിസി സെക്രട്ടറിയും തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ ജോണ്‍ ഡാനിയേലാണ് പരാതി നല്‍കിയത്. പുകവലിയെ പ്രോല്‍സാഹിപ്പിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവനയെന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്. 2003 ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ വെല്ലുവിളിക്കുകയാണ് മന്ത്രി ചെയ്തത്. കുട്ടികളെ പുകവലിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് കോടതി നിയമപ്രകാരം കുറ്റകരമാണെന്നും മന്ത്രിയ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.   

അതേ സമയം കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മകനെ ന്യായീകരിച്ചതില്‍ ഉറച്ച് മന്ത്രി സജി ചെറിയാന്‍. എക്‌സൈസ് ആദ്യം കുട്ടികളെ ഉപദേശിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. യു പ്രതിഭയെ പലരും വേട്ടയാടുകയാണെന്നും മന്ത്രി പറഞ്ഞു. എക്‌സൈസുകാര്‍ ചെയ്യേണ്ട കാര്യം ചെയ്യാതെ പിടിച്ചു. പ്രതിഭാഹരിയുടെ മകന്റെ പേരില്‍ എന്തിനാണ് കേസെടുക്കുന്നത്?. ആരുടെ പോക്കറ്റില്‍ നിന്നാണോ പിടിച്ചത് അയാള്‍ക്കെതിരെയല്ലേ കേസെടുക്കേണ്ടത്. മാസ്സീവ് ആക്ഷന്‍ നടത്തിയിട്ട് ഹൈക്കോടതിയില്‍ കേസു വന്നപ്പോള്‍ കുറേപ്പേരെ വിട്ടില്ലേ?. മന്ത്രി ചോദിച്ചു.

ആരാണോ കുറ്റവാളി അവരുടെ പേരില്‍ കേസെടുക്കട്ടെ. ഒരു കുറ്റവും ചെയ്തില്ലെന്ന് തെളിഞ്ഞ പ്രതിഭയുടെ മകന്റെ പേരില്‍ കേസെടുത്തിരിക്കുകയാണ്. ഇതാണ് പരിശോധിക്കേണ്ടത്. ഇവര്‍ അഞ്ചാറുപേരുണ്ടായിരുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഇവര്‍ അവധിക്ക് വന്നപ്പോള്‍ കലുങ്കില്‍ പോയിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ചിലര്‍ വലിച്ചു എന്നത് സത്യമാണ്. പക്ഷെ പ്രതിഭയുടെ മകന്‍ വലിക്കുകയോ, അവന്റെ കയ്യില്‍ നിന്നും കഞ്ചാവ് പിടിക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

ആരോ ഒറ്റിക്കൊടുത്തിട്ടാണ് എക്‌സൈസുകാര്‍ വന്നത്. അവര്‍ പിടിച്ചകൂട്ടത്തില്‍ ഒരുത്തന്റെ കയ്യില്‍ നിന്നും മൂന്നു ഗ്രാം കഞ്ചാവ് പിടിച്ചു. അതിന്റെ പേരില്‍ എല്ലാവരുടേയും പേരില്‍ കേസെടുത്തു. അവിടെയാണ് തര്‍ക്കം. എല്ലാവരും 20 വയസ്സില്‍ താഴെയുള്ളവരാണ്. കുട്ടികളെ വിളിച്ച് ചെയ്തത് തെറ്റായിപ്പോയി എന്ന് കുട്ടികളെ ഉപദേശിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. മാതാപിതാക്കളെ വിളിച്ചു വരുത്തി പറയാം. അല്ലാതെ പ്ലാന്‍ ചെയ്ത് നടത്തിയ കാര്യം രാഷ്ട്രീയ ലക്ഷ്യത്തോടെ പിന്നീട് ഉപയോഗിക്കുന്നു. പ്രതിഭയെ വേട്ടയാടുന്നതിന് കാരണം അവര്‍ സിപിഎമ്മാണ്. ആ കാര്യമാണ് തുറന്നു പറഞ്ഞത്. സജി ചെറിയാന്‍ വിശദീകരിച്ചു.

'ഞാന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് കാലം തെളിയിക്കും. ഞാന്‍ പാര്‍ട്ടിയെയാണ് സംരക്ഷിക്കുന്നത്, അല്ലാതെ എന്നെയല്ല. പ്രതിഭയെ വേട്ടയാടി മൂലയ്ക്കിരുത്തുക എന്നതാണ് ലക്ഷ്യം. വലതുപക്ഷ രാഷ്ട്രീയക്കാരാണ് ഇതിനു പിന്നിലെന്നും' സജി ചെറിയാന്‍ പറഞ്ഞു. സിപിഎമ്മിലെ ആരും തന്നെ ഇതിനു പിന്നിലില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലഹരിക്കെതിരായ പാര്‍ട്ടി നിലപാടിനൊപ്പമാണ് താന്‍. തെറ്റു ചെയ്തവര്‍ക്കെതിരെ നടപടി എടുക്കേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. പക്ഷെ ഏതൊരു കാര്യവും ഗൂഢാലോചനയുടെ ഭാഗമായിട്ടാകരുത്. ഇവിടെ നടന്നത് ഗൂഢാലോചനയാണെന്നും സജി ചെറിയാന്‍ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories