തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാരനെ മർദിച്ച കാർ യാത്രക്കാരനെതിരെ പുതുക്കാട് പോലീസ് കേസെടുത്തു. ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പുതുക്കാട് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് 6.30-നായിരുന്നു സംഭവം. ഫാസ്ടാഗിത പണമില്ലാതെ എത്തിയ കാറിലെ യാത്രക്കാർ ടോൾ നൽകാൻ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്.പരിക്കേറ്റ കല്ലൂർ ഞെള്ളൂർ സ്വദേശി 37 വയസുള്ള ഡേവിഡ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബാരിക്കേഡ് തുറക്കാൻ ജീവനക്കാരൻ വിസമ്മതിച്ചതാേടെ മുൻ സീറ്റിലിരുന്ന യാത്രക്കാരൻ ക്ഷുഭിതനായി പുറത്തിറങ്ങി ഡേവിഡിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. മർദനം തുടർന്നതാേടെ കാറോടിച്ചിരുന്നയാൾ ഇറങ്ങിയാണ് പിടിച്ചു മാറ്റിയത്. കൂടുതൽ ടോൾ ജീവനക്കാർ എത്തുന്നത് കണ്ടതോടെ യാത്രക്കാർ ഓൺലൈനായി തുക അടച്ച്, കാറുമായി കടന്നുകളയുകയായിരുന്നു.
കാറിൻ്റെ നമ്പറും ടോൾപ്ലാസയിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുമായി ടോൾ പ്ലാസ അധികൃതർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പുതുക്കാട് പോലീസ് അറിയിച്ചു.