ആലപ്പുഴ: യൂത്ത് കോൺഗ്രസിനെ കുഴക്കി ഫേസ്ബുക്കിൽ ഫണ്ട് വിവാദം. ആലപ്പുഴ കലക്ടറേറ്റ് മാർച്ചിനിടെ പൊലീസ് ലാത്തിചാർജിൽ സാരമായി പരിക്കേറ്റ സഹപ്രവര്‍ത്തക ജില്ലാ ജനറൽ സെക്രട്ടറി മേഘാ രഞ്ജിത്തിന് പാർട്ടി എട്ടു ലക്ഷം രൂപ നൽകിയെന്ന സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ ഫേസ്ബുക് പോസ്റ്റും അതിന് താഴെ മേഘ എഴുതിയ കുറിപ്പുമാണ് വിവാദമായത്.ഫേസ്ബുക് കുറിപ്പ് വൈറലാകും മുന്‍പെ എയറിലായി.
രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച നാൾ മുതൽ ഓരോ സമരങ്ങളിലും പങ്കാളിയാകുമ്പോൾ, പൊതുജനം ചോദിക്കുന്ന ഒരു ചോദ്യമുണ്ടെന്നും അതിന്‍റെ മറുപടിയാണ് എന്‍റെ പാര്‍ട്ടിയെന്നും പറഞ്ഞ് കുറിപ്പ് തുടങ്ങിയ അരിത, പൊലീസ് ലാത്തി ചാര്‍ജില്‍ പരുക്കേറ്റ യൂത്ത്കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേഘ രാജിന്‍റെ ആശുപത്രി ചിലവ് രമേശ് ചെന്നിത്തല ഏറ്റെടുത്തുവെന്നും ഒരു ബിസിനസ് സംരംഭം നടത്തുന്ന മേഘയുടെ ആ മാസത്തെ വാടകയും ലോണും കെസി വേണുഗോപാല്‍ അടച്ചുവെന്നും കുറിപ്പില്‍ പറയുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ വീടുകയറി അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് 2024 ജനുവരി 15ന് ആലപ്പുഴ ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിനിടെയായിരുന്നു പൊലീസ് അതിക്രമം. സംഘർഷത്തിൽ പരിക്കേറ്റ മേഘയുടെ ആശുപത്രി ചെലവിനു പുറമെ ഏകദേശം എട്ട് ലക്ഷം രൂപ വിവിധ ഘട്ടങ്ങളിലായി മേഘക്ക് കൈമാറി എന്നായിരുന്നു പോസ്റ്റിൽ അരിതാ ബാബു അവകാശപ്പെട്ടത്.
എന്നാൽ ഈ തുക തനിക്ക് കിട്ടിയിട്ടില്ലെന്നും ഇത്രയും വലിയ തുക ഇടയ്ക്കു നിന്ന് ആരാണ് കൈപ്പറ്റിയതെന്നു കൂടി പരസ്യമായി പറയണമെന്നും മേഘ കമന്റിട്ടു. ഇതോടെയാണ് വിവാദമായത്.‘ഈ പറഞ്ഞ തുക എനിക്ക് കൈ മാറാതെ ഇടയ്ക്കു നിന്ന് ആരാണ് കൈപ്പറ്റിയത് അത് കൂടി പരസ്യമായി പറയണം. ഞാനും കൂടി അറിയണമല്ലോ എന്റെ പേരിൽ ആരാണ് വലിയൊരു തുക കൈപ്പറ്റിയത് എന്ന്’ -എന്നായിരുന്നു മേഘയുടെ കമന്റ്. ഇതിന് താഴെ വിവിധ ഘട്ടങ്ങളിലായി പണം കൈമാറിയതിന്റെ കണക്ക് പ്രവർത്തകർ ചൂണ്ടിക്കാട്ടി.
പിന്നാലെ അരിതയ്ക്ക് ട്രോള്‍ പൂരമാണ്, തള്ളുമ്പോള്‍ ഒരു മയത്തില്‍ വേണ്ടെ ? പാര്‍ട്ടി ഇത് അറിഞ്ഞാരുന്നോ ? എന്നിങ്ങനെയാണ് അരിത ബാബുവിന്‍റെ പോസ്റ്റിന് വരുന്ന കമന്‍റ്.
ഇതിനുപിന്നാലെ, പാർട്ടി എന്നെ സഹായിച്ചിട്ടില്ലെന്നു എവിടെയും ഞാൻ പറഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കി മേഘയും രംഗത്തെത്തി. എമൗണ്ടിൽ വന്ന ക്ലാരിറ്റി കുറവാണ് കമന്റിടാൻ കാരണമെന്നും മേഘ ചൂണ്ടിക്കാട്ടി. ‘ആദ്യം തന്നെ പറയട്ടെ എനിക്ക് വേണ്ടിട്ട് ഒരു ഓപ്പൺ funding youth കോൺഗ്രസൊ കോൺഗ്രസ് പാർട്ടിയോ നടത്തിയിട്ടില്ല. അതുപോലെ തന്നെ പാർട്ടി എന്നെ സഹായിച്ചിട്ടില്ലെന്നു എവിടെയും ഞാൻ പറഞ്ഞിട്ടില്ല. ഇവിടെ ഇങ്ങനെ ഒരു കമൻ്റ് ഇടാൻ കാരണം എമൗണ്ടിൽ വന്ന ക്ലാരിറ്റി കുറവാണ്. പിന്നെ ഇങ്ങനെ പോസ്റ്റ് ഇടുന്ന ടൈമിൽ ഒരു amount റൗണ്ട് ഫിഗർ പോലും ആക്കിയാൽ അത് ഞാൻ കൈപ്പറ്റി എന്നേ വരു. അതിനുള്ള എതിർപ്പ് ആണ് ഞാൻ വ്യക്തമാക്കിയത്. അതിന്റെ പേരിൽ ഒരു യൂത്ത് കോൺഗ്രസുകാരും ആക്രമിക്കപ്പെടുന്നത് ശരിയല്ല’ -മേഘ കമന്റിൽ വ്യക്തമാക്കി.
അരിതാ ബാബുവിന്റെ പോസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം