ആലപ്പുഴ മണ്ണഞ്ചേരിയിൽ കുറുവ സംഘം നടത്തിയ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ 2 മോഷ്ടാക്കളെ പിടികൂടി. ഇടുക്കി രാജകുമാരിയിൽ നിന്നാണ് തമിഴ്നാട്ടിൽ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച മോഷ്ടാക്കളെ പിടികൂടിയത്.
കഴിഞ്ഞ നവംബറിലാണ് ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറുവ സംഘം മോഷണം നടത്തിയത്. പിന്നാലെ പൊലീസ് അന്വേഷണവും ഊര്‍ജ്ജിതമാക്കി. അതിനിടെയാണ് രാജകുമാരിയില്‍ എത്തിയ മണ്ണഞ്ചേരി പൊലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് തമിഴ്‌നാട്ടില്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച 2 മോഷ്ടാക്കളെ പിടികൂടിയത്.
8 വര്‍ഷത്തോളമായി രാജകുമാരിയില്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയിരുന്ന കറുപ്പയ്യ, ഇയാളുടെ സഹോദരന്‍ നാഗരാജ് എന്നിവരെയാണ് പിടികൂടിയത്. കറുപ്പയ്യയെ രാജകുമാരിയില്‍ നിന്നും നാഗരാജനെ ബോഡിനായ്ക്കന്നൂരില്‍ നിന്നുമാണ് പിടികൂടിയത്.
ആനന്ദ് എന്ന പേരിലാണ് കറുപ്പയ്യ രാജകുമാരിയില്‍ താമസിച്ചിരുന്നത്. രാജകുമാരി ടൗണില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയായി വീടും സ്ഥലവും സ്വന്തമായുള്ള കറുപ്പയ്യ ഭാര്യക്കും മകള്‍ക്കുമൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്.
മകള്‍ തമിഴ്‌നാട്ടില്‍ പഠിക്കുകയാണ്. ഓട്ടോറിക്ഷയില്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തി കഴിഞ്ഞിരുന്ന കറുപ്പയ്യയുടെ പേരില്‍ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളില്ലെന്നാണ് വിവരം. സമീപകാലത്താണ് നാഗരാജന്‍ ഇയാള്‍ക്കൊപ്പം താമസമാരംഭിച്ചത്.