പാലക്കാട്: ആട്ടം ചടങ്ങിനിടെ കാഞ്ഞിരക്കായ കഴിച്ച യുവാവിന് ദാരുണാന്ത്യം. പരുതൂര്‍ കുളമുക്കിലാണ് സംഭവം. കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. കുടുംബാംഗങ്ങൾ ചേർന്ന് വർഷം തോറും നടത്താറുള്ള ആട്ടം ചടങ്ങിനിടെയാണ് ഷൈജു കാഞ്ഞിരക്കായ കഴിച്ചത്. കായ കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടനെ ഷൈജുവിനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബുധനാഴ്ചയായിരുന്നു സംഭവം. ഞാങ്ങാട്ടിരിയില്‍ പതിനഞ്ചോളം കുടുംബങ്ങളില്‍പ്പെട്ട അഞ്ഞൂറോളം പേര്‍ പങ്കെടുക്കുന്ന ചടങ്ങാണ് ആട്ടം. ചടങ്ങില്‍ ഹനുമാനെ ആവാഹിച്ച് വെളിച്ചപ്പാട് തുള്ളിയത് ഷൈജുവായിരുന്നു. ആചാരത്തിന്റേയും വിശ്വാസത്തിന്റേയും ഭാഗമായ ചടങ്ങിനിടെ തുടർച്ചയായി മൂന്ന് കായ കഴിച്ചതോടെയാണ് ഷൈജുവിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.
ആട്ടം ചടങ്ങിനിടെ വെളിച്ചപ്പാടിന് ഫലമൂലാദികളും മറ്റും നല്‍കുന്ന പതിവുണ്ട്. ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായയും ഇക്കൂട്ടത്തില്‍ വെക്കാറുണ്ട്. വെളിച്ചപ്പാട് തുള്ളുന്നവര്‍ ഇത് കടിച്ചശേഷം സാധാരണയായി തുപ്പിക്കളയുകയാണ് പതിവ്. എന്നാല്‍ ഷൈജു മൂന്ന് കാഞ്ഞിരക്കായകള്‍ കഴിച്ചു എന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. കടിച്ചശേഷം തുപ്പിക്കളഞ്ഞുവെന്ന് കരുതിയെന്നും ഇവര്‍ പറയുന്നു. 100 വര്‍ഷത്തിലധികം പഴക്കമുള്ള ആചാരമാണിത്. സിനിഷയാണ് ഷൈജുവിന്റെ ഭാര്യ. എട്ടുവയസുകാരന്‍ അനയ് മകനാണ്.