തൃശ്ശൂർ: റിമാന്റിലായി ജയിലിൽ കഴിയുന്ന യൂട്യൂബർ മണവാളന്റെ മുടി മുറിച്ചു. തൃശൂർ ജില്ലാ ജയിലിൽ എത്തിച്ച യൂട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹിൻ ഷായുടെ മുടിയാണ് ജയിലിൽ വെച്ച് മുറിച്ചത്. ജയിൽ ചട്ടപ്രകാരമാണ് മുടിമുറിച്ചതെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. മുടി മുറിച്ചതിനെ തുടർന്ന് അസ്വസ്ഥത കാണിച്ച മണവാളനെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
10 മാസമായി ഒളിവിലായിരുന്ന മുഹമ്മദ് ഷഹീൻഷായെ കുടകിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കുടകില്‍ നല്ല ക്ലൈമറ്റായതിനാല്‍ ട്രിപ്പ് പോയതാണെന്നായിരുന്നു പൊലീസ് സ്റ്റേഷനിൽ വച്ച് പ്രതി പരിഹാസത്തോടെ പറഞ്ഞത്. ജില്ലാ ജയിലില്‍ പ്രവേശിക്കും മുമ്പ് റീല്‍സെടുത്തും മണവാളനും സംഘവും ആഘോഷിച്ചു.
കഴിഞ്ഞ ഏപ്രിൽ 19ന് പൂരദിവസം രാത്രി മദ്യ ലഹരിയില്‍ കേരള വര്‍മ്മ കോളേജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് 26കാരൻ മുഹമ്മദ് ഷഹീൻഷാക്ക് പിടിവീണത്. കുടകില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂര്‍ വെസ്റ്റ് ഷാഡോ സംഘമാണ് പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച പ്രതി ക്യാമറയ്ക്ക് മുന്നിലും പെര്‍ഫോമന്‍സ് തുടര്‍ന്നു. തൃശൂര്‍ ജ്യൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തിരിക്കുന്നത്.