ഇടുക്കി തൊടുപുഴ പെരുമാങ്കണ്ടത്ത് റബർ തോട്ടത്തിൽ നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു.മുന്‍ ബാങ്ക് ഉദ്യോഗസ്ഥനും കുമാരമംഗലം സ്വദേശിയുമായ സിബിയാണ് മരിച്ചത്. കാറിനകത്ത് കത്തിക്കരിഞ്ഞനിലയിലായിരുന്നു സിബിയുടെ മൃതദേഹം.
വീട്ടിൽ നിന്ന് രാവിലെ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബി. പിന്നീടാണ് കാറിന് തീപിടിച്ച് സിബി മരിച്ചതായി വീട്ടുകാർ അറിയുന്നത്. കാറിന് എങ്ങനെയാണ് തീപിടിച്ചതെന്നതിൽ വ്യക്തതയില്ല. സിബിക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളില്ലെന്നും കാർ കത്തിയുള്ള അപകടമാകാമെന്ന് സംശയിക്കുന്നുവെന്നും ശാസ്ത്രീയമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ഒരുപാട് കാലപ്പഴക്കം ഉള്ള കാറാണ് സിബി ഉപയോഗിച്ചിരുന്നത്. കാറിൽ നിന്ന് തീ ഉയർന്നപ്പോൾ ഒതുക്കി നിർത്തിയതാകാമെന്നും പുറത്തിറങ്ങാൻ കഴിയാതെ പോയതാകാമെന്നും ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു.സംഭവസ്ഥലത്തെത്തിയ ബന്ധുക്കളാണ് മൃതദേഹം സിബിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ആളൊഴിഞ്ഞപറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികളാണ് അഗ്നിരക്ഷാസേനയെ
വിവരമറിയിച്ചത്.
കാർ കത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് സിബി വണ്ടിയോടിച്ചുപോവുന്നത് കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കാര്‍ കത്തിയിടത്തുനിന്ന് നാല് കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് സിബിയുടെ വീട് സ്ഥിതി ചെയ്യുന്നത്. പോലീസും ഫോറന്‍സിക് വിദഗ്ധരും മോട്ടോർ വാഹനവകുപ്പും അന്വേഷണം ആരംഭിച്ചു.