പാലക്കാട് ഒറ്റപ്പാലത്ത് പെട്രോൾ ബോബ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി വിഷ്ണുവാണ് മരിച്ചത്. വിഷ്ണുവിനും ഒപ്പം ഉണ്ടായിരുന്ന പ്രിയേഷനും ബോംബാക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റിരുന്നു. 40%ത്തിലധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് പുലർച്ചെയാണ് മരിച്ചത്.
ജനുവരി 13 നാണ് കേസിനാസ്പദമായ സംഭവം. ഒറ്റപ്പാലത്ത് നിർമാണത്തിലിരിക്കുന്ന വീട്ടിലേയ്ക്ക് അയൽവാസിയായ നീരജ് പെട്രോൾ ബോംബ് എറിയുകയായിരുന്നു. ഈ കെട്ടിടത്തിൽ താമസിച്ചിരുന്ന തൊഴിലാളികളായ വിഷ്ണുവിനും സുഹൃത്ത് പ്രിയേഷിനും ഗുരുതര പൊളളലേറ്റു. നിർമാണം പുരോഗമിക്കുന്ന വീടിന് സമീപം കുളം കുഴിക്കാൻ എത്തിയതായിരുന്നു ഇരുവരും. ശബ്ദം കേട്ട് അടുത്തുളളവർ എത്തിയതോടെ പ്രതി നീരജ് ഓടി രക്ഷപ്പെടുകയായിരുന്നു.തൊഴിലാളികൾ തമാശകൾ പറഞ്ഞ് ചിരിച്ചത് തന്നെ കളിയാക്കിയാണെന്ന് കരുതി അക്രമിക്കുകയായിരുന്നുവെന്നാണ് നീരജ് പൊലീസിൽ നിൽകിയ മൊഴി. പെട്രോൾ ബോംബ് നിർമ്മിച്ചത് ഇയാൾ ഒറ്റയ്ക്കാണെന്നും മൊഴി നൽകിയിട്ടുണ്ട്. കുടിച്ചു തീർത്ത മദ്യകുപ്പിയും തുണിയും ബൈക്കിൽ നിന്നെടുത്ത പെട്രോളും ഉപയോഗിച്ചാണ് ബോംബ് നിർമ്മിച്ചത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ നീരജിനെ പിന്നീട് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.