തൃശൂര്‍: ആംബുലൻസിന്‍റെ വഴിതടഞ്ഞ് മരണപാച്ചിൽ നടത്തിയ മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരേ പൊലീസ് കേസെടുത്തു. ആംബുലന്‍സിന്‍റെ വഴി തടഞ്ഞ മൂന്ന് ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 4.30 ന് കാഞ്ഞാണി ഭാഗത്തെ ഒറ്റവരി പാതയില്‍ മൂന്ന് സ്വകാര്യ ബസുകള്‍ കുറുകെയിട്ടതു കാരണം, രോഗിയുമായി പോയ ആംബുലന്‍സിന്‍റെ വഴി മുടങ്ങുകയായിരുന്നു.
സൈറണ്‍ മുഴക്കി വന്ന ആംബുലന്‍സിനെ കണ്ടിട്ടും സ്വകാര്യ ബസുകൾ സൈഡ് കൊടുത്തില്ല. ആംബുലന്‍സ് ഡ്രൈവർ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ഈ ദ്യശ്യങ്ങൾ പുറത്തുവന്നിരുന്നു. ആംബുലൻസ് ഡ്രൈവറുടെ പരാതിയിലാണ് അന്തിക്കാട് പൊലീസ് കേസെടുത്തത്. സ്വകാര്യ ബസുകള്‍ മനഃപൂര്‍വം ആംബുലന്‍സിന്‍റെ വഴിമുടക്കി എന്നായിരുന്നു പരാതി.ശ്രീമുരുക, അനുശ്രീ, സെന്‍റ് മേരീസ് എന്നീ ബസുകളാണ് മാര്‍ഗ തടസം ഉണ്ടാക്കിയത്. സംഭവത്തിൽ മോട്ടോര്‍ വാഹന വകുപ്പും നടപടിയെടുത്തിട്ടുണ്ട്.
മൂന്ന് ബസുകളിലെയും ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും അഞ്ച് ദിവസത്തെ പെരുമാറ്റച്ചട്ട പരിശീലനം നല്‍കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.കാഞ്ഞാണി സെന്‍ററിൽ കണ്ടക്ടർമാർ ബസിൽ നിന്നിറങ്ങി ഗതാഗതം നിയന്ത്രിക്കുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ഡ്രൈവർക്കൊപ്പം കണ്ടക്ടറും തുല്യ ഉത്തരവാദിയാണെന്ന് എംവിഐ അറിയിച്ചു.