ഇടുക്കി മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയുടെ ഭാഗമായ മറയൂര്‍ മുതല്‍ ചിന്നാര്‍വരെയുളള്ള ഭാഗത്ത് റോഡ് വികസനം സാധ്യമാക്കണമെന്നാവശ്യം.വനമേഖലയിലൂടെ കടന്നു പോകുന്ന ഈ റോഡിന് വീതി വളരെ കുറവാണ്. ടാറിംഗ് ജോലികളടക്കം പൂര്‍ത്തീകരിച്ച് റോഡിന്റെ നവീകരണം സാധ്യമാക്കണമെന്നാണ് ഉയരുന്ന ആവശ്യം.
കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് യാത്രക്ക് സഹായിക്കുന്ന പ്രധാനപാതകളില്‍ ഒന്നാണ് മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാത.ഈ പാതയുടെ ഭാഗമായ മറയൂര്‍ മുതല്‍ ചിന്നാര്‍ വരെയുള്ള പ്രദേശത്തെ റോഡ് വികസനം സാധ്യമാക്കണമെന്നാണ് ആവശ്യം.ഈ ഭാഗത്ത് റോഡ് കടന്നു പോകുന്നത് ചിന്നാര്‍ വനമേഖലയിലൂടെയാണ്.
വളരെ ഇടുങ്ങിയ പാതയാണിത്.എതിര്‍ദിശകളില്‍ നിന്നും വരുന്ന രണ്ട് വാഹനങ്ങള്‍ക്ക് പരസ്പരം മറികടന്നു പോകുക പ്രയാസമുള്ള കാര്യമാണ്. റോഡില്‍ നിന്നും ടാറിംഗ് വളരെ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ റോഡിന് ഇരുവശവും ടാറിംഗ് ശേഷം വലിയ കട്ടിംഗാണ്. വാഹനങ്ങള്‍ പരസ്പരം മറികടന്ന് പോകുന്ന കാര്യത്തില്‍ ഇത് പലപ്പോഴും വാക്ക് തര്‍ക്കങ്ങള്‍ക്ക് ഇടവരുത്തുന്നു.
ടാറിംഗില്‍ നിന്നും ചെറുവാഹനങ്ങള്‍ പുറത്തേക്കിറക്കിയാല്‍ അടിഭാഗം ഇടിച്ച് കേടുപാടുകള്‍ സംഭവിക്കുന്ന സ്ഥിതിയുണ്ട്.മറയൂരിന് ശേഷം തുടരെ തുടരെ വളവുകള്‍ ഉള്ള പാത കൂടിയാണിത്. റോഡിന് ഒരു ഭാഗം വലിയ കൊക്കയാണ്. ഈ ഭാഗങ്ങളിലൊന്നും വേണ്ട വിധം ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചിട്ടില്ല.
വാഹനങ്ങള്‍ ഏതെങ്കിലും സാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ടാല്‍ വലിയ കൊക്കയിലേക്ക് പതിക്കും.നിലവില്‍ റോഡിന്റെ പലയിടങ്ങളിലും ടാറിംഗ് ഇളകി വലിയ കുഴികള്‍ രൂപം കൊണ്ടിട്ടുണ്ട്.ടാറിംഗ് ജോലികളടക്കം പൂര്‍ത്തീകരിച്ച് യാത്ര സുഗമമാകും വിധം റോഡിന്റെ നവീകരണം സാധ്യമാക്കണമെന്നാണ് ആവശ്യം.