ഇടുക്കി പീരുമേട്ടില്‍ വനംവകുപ്പിന്റെ ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പിന്മാറി. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനമെന്നാണ് സൂചന. ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികളെ കാട്ടാന ഓടിച്ചതിന് സമീപത്താണ് ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.
ഇടുക്കി കുട്ടിക്കാനം തട്ടാത്തിക്കാനത്തെ പൈൻ ഗാർഡനിൽ ആരംഭിച്ച ഇക്കോ ടൂറിസം പദ്ധതിയിലെ ഇക്കോ ഷോപ്പ് ഉൾപ്പെടെയുള്ളവ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനായിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. ഉദ്ഘാടന സമ്മേളനം നിശ്ചയിക്കുകയും ഇതിനുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്തു. അടുത്തനാളിൽ സ്കൂൾ പരിസരത്ത് ബസ് കാത്തുനിന്ന വിദ്യാർത്ഥികളെ കാട്ടാന വിരട്ടിയോടിച്ചതിന് സമീപം നടക്കുന്ന ഉദ്ഘാടന സ്ഥലത്തേക്ക്, പ്രതിഷേധക്കാർ എത്താൻ ഇടയുണ്ടെന്ന വിവരം പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നു. ഇതോടെ കുട്ടിക്കാനത്തെ വനംവകുപ്പിന്റെ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ ഇരുന്ന് ഓൺലൈനായി ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മന്ത്രി മടങ്ങുകയായിരുന്നു. സമ്മേളനം പീരുമേട് എംഎൽഎ വാഴൂർ സോമൻ ആണ് ഉദ്ഘാടനം ചെയ്തത്.ഒന്നര കിലോമീറ്ററിനുള്ളിൽ മന്ത്രി എ കെ ശശീന്ദ്രൻ ഉണ്ടായിട്ടും പീരുമേട് തട്ടാത്തിക്കാനത്ത് നടന്ന എക്കോ ഷോപ്പിന്റെ ഉദ്ഘാടന വേദിയിലേക്ക് എത്തിയില്ല. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. വന്യജീവി അക്രമത്തിൽ ജില്ലയിൽ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും വനം വകുപ്പ് യാതൊന്നും ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിക്കുകയും ചെയ്തു.