കോട്ടയം ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളജില്‍ നടന്ന അതിക്രൂരമായ റാഗിങ് അറിഞ്ഞില്ലെന്ന കോളജ് അധികൃതരുടെ വാദം ആഭ്യന്തര അന്വേഷണ സമിതി തള്ളി. പ്രിന്‍സിപ്പല്‍ ഡോ സുരേഖ എ.ടി, അസിസ്റ്റന്റ് പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. റാഗിങ് തടയുന്നതില്‍ വീഴ്ച പറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
ഹോസ്റ്റലില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പ്രതികളുടെ മുറികളില്‍ നിന്നു ആയുധങ്ങള്‍ കണ്ടെത്തി. കത്തിയും കരിങ്കല്‍ കഷ്ണങ്ങളും വിദ്യാര്‍ഥികളെ ഉപദ്രവിക്കാന്‍ ഉപയോഗിച്ച കോമ്പസും ഡമ്പലുകളും കണ്ടെത്തിയവയിലുണ്ട്. സംഭവത്തില്‍ റാഗിങിന് ഇരകളായ നാല് വിദ്യാര്‍ഥികള്‍ കൂടി പരാതി നല്‍കി. ഇരകളാക്കപ്പെട്ട ആറ് വിദ്യാര്‍ഥികളില്‍ ഒരാള്‍ മാത്രമായിരുന്നു നേരത്തെ പരാതി നല്‍കിയിരുന്നത്. പരാതിക്കാരായ മുഴുവന്‍ വിദ്യാര്‍ഥികളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.