തൃശൂർ: പോട്ടയിലെ ബാങ്ക് കൊള്ള ആസൂത്രിതമെന്ന് പൊലീസ്. പിടിക്കപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പ്രതി റിജോ ആന്റണി കൊള്ള നടത്തിയത്. ഇന്ന് രാത്രിയോടെ വീട്ടിൽവെച്ചാണ് പൊലീസ് റിജോയെ കസ്റ്റഡിയിലെടുത്തത്. കവർച്ച നടത്തുന്നതിന്റെ മൂന്ന് ദിവസം മുമ്പ് പ്രതി ബാങ്കിലെത്തിയിരുന്നു. എടിഎം കാർഡ് സംബന്ധിച്ച കാര്യത്തിനായിരുന്നു ബാങ്കിലെത്തിയത്. ഇതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിൽ സഹായകരമായെന്ന് ഡിവൈഎസ്പി പറഞ്ഞു.ഹിന്ദി പറഞ്ഞും ഹെൽമറ്റും ജാക്കറ്റും ധരിച്ചും പൊലീസിനെ വഴിതെറ്റിക്കാൻ പ്രതി റിജോ നടത്തിയ ശ്രമം ‘എൻടോർക്ക് 125’ സ്കൂട്ടർ പൊളിച്ചു.
ബ്ലൂടൂത്ത് കണക്‌ഷനും നാവിഗേഷൻ സൗകര്യവുമുള്ള ഇന്ത്യയിലെ ആദ്യ സ്കൂട്ടറുകളിലൊന്നാണ് എൻടോർക്ക്. ഇക്കുറി എൻടോർക്ക് പൊലീസിനെ കൃത്യമായി റിജോയുടെ വീട്ടിൽ എത്തിച്ചു. പട്ടാപ്പകൽ നടന്ന കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് അന്നു തന്നെ ശേഖരിച്ചിരുന്നു. ദൃശ്യങ്ങളിൽ നിന്ന് സ്കൂട്ടർ സംബന്ധിച്ച സൂചന ലഭിച്ചു. തുടർന്ന് ബാങ്കിലും തൊട്ടു മുന്നിലെ പള്ളിയിലും പരിസരത്തും വന്നു പോകുന്നവരിൽ എൻടോർക്ക് ഉടമകളെ പൊലീസ് തേടി. പള്ളിയിൽ നിന്ന് റിജോയുടെ ഫോൺ നമ്പറും മറ്റു വിവരങ്ങളും ലഭിച്ചു. തുടർന്ന് ഇവരെ നിരീക്ഷിച്ചു. സംഭവ ദിവസം മോഷണം നടന്ന സമയത്തിന് ഒരു മണിക്കൂർ മുൻപ് റിജോ വീട്ടിൽ നിന്ന് പുറപ്പെട്ടതായും മോഷണത്തിനു ശേഷം അര മണിക്കൂർ കഴിഞ്ഞ് തിരികെ എത്തിയതായും സ്ഥിരീകരിച്ചു.ഷൂസിനടിയിലെ ഒരു നിറവും പോലീസിന് കച്ചിത്തുരുമ്പായതെന്നും എസ്.പി അറിയിച്ചു.വസ്ത്രം മാറിയെങ്കിലും ഷൂസിന്റെ അടിയിലുള്ള ഒരുതരം കളർ പോലീസ് ശ്രദ്ധിച്ചിരുന്നു. ആ കളറാണ് വഴിത്തിരിവായത്.
പൊലീസ് വളരെ കൃത്യമായ അന്വേഷണത്തിലൂടെയാണ് പ്രതിയിലേക്കെത്തിയത്. പൊലീസിന്റെ പ്രൊഫഷണലിസമാണ് ഈ അന്വേഷണത്തിലും വ്യക്തമാകുന്നത്. വലിയ സാമ്പത്തിക ബാധ്യതയാണ് കവർച്ച നടത്താൻ കാരണമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിയുടെ ഭാര്യ വിദേശത്താണ്. സാമ്പത്തിക ബാധ്യത എന്തൊക്കെയാണ് എന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ട്. ആഴ്ചകൾക്ക് മുമ്പ് തന്നെ കവർച്ചക്ക് പ്രതി തീരുമാനമെടുത്തിരുന്നു. വളരെ കൃത്യമായ നിരീക്ഷണത്തിലൂടെ ബാങ്കിന്റെ പ്രവർത്തനം മനസ്സിലാക്കിയാണ് പ്രതി കവർച്ച നടത്തിയത്.
കവർച്ചക്ക് മറ്റാരുടെയങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. എടുത്ത 15 ലക്ഷത്തിൽ രണ്ട് ലക്ഷത്തിതൊണ്ണൂറായിരം രൂപ എടുത്ത് കടം വീട്ടി. 10 ലക്ഷം രൂപ ഒരിടത്ത് വച്ചിട്ടുണ്ടെന്നും പ്രതി പൊലീസിനെ അറിയിച്ചു. അരക്കോടിയോളം രൂപ പ്രതിക്ക് ബാധ്യതയുണ്ട്.