Share this Article
Union Budget
നെഹ്‌റുട്രോഫി വള്ളം കളി കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ബോണസും ധനസഹായവും ലഭിച്ചില്ല
Nehru Trophy Boat Race

നെഹ്‌റുട്രോഫി വള്ളം കളി കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ബോണസും ധനസഹായവും ലഭിച്ചില്ല. തിങ്കളാഴ്ച സഹായധനം ലഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പണം എത്തിയില്ല. ഒരു കോടി രൂപ നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിങ്കളാഴ്ച പണം എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പണം ഇതുവരെ എത്തിയിട്ടില്ല. അടുത്തദിവസംതന്നെ തുക വിതരണം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇത് വിശ്വാസത്തിലെടുക്കാന്‍ വള്ളം കളി മേഖലയിലുള്ളവര്‍ തയ്യാറായിട്ടില്ല. 

എന്‍ടിബിആറിന്റെ അക്കൗണ്ടിലേക്കാണ് പണം നല്‍കുന്നതെന്നാണ് ലഭിക്കുന്ന സൂചന. ഫിനാന്‍സ് വകുപ്പ് അനുമതിയായതിനുശേഷം ഡിടിപിസിക്കും അവിടെനിന്ന് എന്‍ടിബിആറിനുമാണ് പണം ലഭിച്ചുകൊണ്ടിരുന്നത്. ഇത്തവണ എന്‍.ടി.ബി.ആറിന് നേരിട്ടാണ് ടൂറിസംവകുപ്പ് പ്രഖ്യാപിച്ച ഒരുകോടി നല്‍കുന്നത്. 

ഒരുകോടി നല്‍കാന്‍ ഉത്തരവിറങ്ങി രണ്ടാഴ്ചയായിട്ടും പണം അക്കൗണ്ടിലേക്കു നല്‍കാത്തതിനെത്തുടര്‍ന്ന് വലിയ പരാതികളാണ് ഉയരുന്നത്. 1.80 കോടി രൂപയായിരുന്നു സര്‍ക്കാരിനോട് നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇതു പരിഗണിച്ചില്ല. 

ബോണസ് നല്‍കാത്തതിനെത്തുടര്‍ന്ന് കേരള സ്‌നേക്ക് ബോട്ട് ആന്‍ഡ് റോവേഴ്‌സ് അസോസിയേഷനും ചുണ്ടന്‍വള്ളം സംരക്ഷണസമിതിയുമുള്‍പ്പെടെ വള്ളംകളി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സമരം പ്രഖ്യാപിച്ചിരുന്നു. സമരമാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് ക്ലബ്ബ് ഭാരവാഹികളെയും ഉള്‍പ്പെടുത്തി യോഗംചേരാനും തീരുമാനിച്ചതിന് പിന്നാലെയാണ് പണം നല്‍കാനുള്ള തീരുമാനം ഉണ്ടായത്. 

മുന്‍വര്‍ഷങ്ങളില്‍ നെഹ്‌റുട്രോഫിയുടെ ഭാഗംതന്നെയായിരുന്നു സി.ബി.എല്‍. അതിനാല്‍ സി.ബി.എലില്‍ മത്സരിക്കുന്ന ഒന്‍പത് വള്ളങ്ങളുടെ ബോണസും സഹായധനവും നല്‍കിയിരുന്നത് ടൂറിസംവകുപ്പായിരുന്നു. എന്നാല്‍, ഇത്തവണ മുതല്‍ സി.ബി.എലിന് നെഹ്‌റുട്രോഫിയുമായി ബന്ധമില്ല. 

അതിനാല്‍ നെഹ്‌റുട്രോഫിയില്‍ മത്സരിച്ച ഈ ഒന്‍പതു വള്ളങ്ങള്‍ക്കുള്ള ബോണസും സഹായധനവും കൂടി എന്‍.ടി.ബി.ആര്‍. തന്നെ നല്‍കണം. ഇതിനായി 61-ലക്ഷം രൂപ അധികം വേണം. കൂടാതെ. പവിലിയന്‍ അറ്റകുറ്റപ്പണി നടത്തിയ ഇനത്തില്‍ 20-ലക്ഷം രൂപയും ചെലവായിട്ടുണ്ട്. 

ഒരുകോടിക്കു പുറമേ ഈ കണക്കുകള്‍കൂടി ഉള്‍പ്പെടുത്തിയാണ് 1.80 കോടി രൂപ സര്‍ക്കാരിനോടാവശ്യപ്പെട്ടത്. ഇതു പരിഗണിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഒരുകോടി മാത്രമാണ് നല്‍കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories