തൃശൂര്‍ കൊരട്ടി മുരിങ്ങൂരില്‍ വന്‍ കഞ്ചാവ് വേട്ട. 23 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്
ഒറീസയില്‍ നിന്ന് വില്‍പ്പനക്കായി കൊണ്ടുവന്ന് വാടക വീട്ടില്‍ സൂക്ഷിച്ച് മൊത്തകച്ചവടം നടത്തിയിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശികളായ ഷാഹുല്‍ ബിലാല്‍ മണ്ടല്‍,മുര്‍സലിന്‍ എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി കെ സുമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പിടിയിലായ പ്രതികളെ നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കും.
ഒറീസയിലെ ഭരംപൂരില്‍ നിന്ന് രഹസ്യമായി ട്രെയിനില്‍ കൊണ്ടുവന്നിരുന്ന കഞ്ചാവാണ് മുരിങ്ങൂര്‍ ജംഗ്ഷന് സമീപമുള്ള വാടകവീട്ടില്‍നിന്ന് പരിശോധനക്കിടെ കൊരട്ടിപൊലീസും ,ജില്ലാ ലഹരി വിരുദ്ധ സേനയും, ചാലക്കുടി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. മുറിയില്‍ ബാഗുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയില്‍ അമ്പത് ലക്ഷം രൂപ വിലമതിക്കും. മധ്യ കേരളത്തിലെ യുവാക്കളെ മയക്കു മരുന്നിനടിമകളാക്കാവുന്ന കഞ്ചാവു ശേഖരവും, കച്ചവടക്കാരെയും ആണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനായി നടന്നുവരുന്ന ഓപ്പറേഷന്‍ ഡി ഹണ്ടിനിടെ കേരളത്തിലേക്ക് വന്‍ കഞ്ചാവു ശേഖരം കടത്തുന്നുണ്ടെന്നുള്ള വിവരത്തെ തുടര്‍ന്ന് തൃശൂര്‍ റേഞ്ച് ഡി ഐ ജി ഹരിശങ്കര്‍ ഐ പി എസ്സിന്റെ നിര്‍ദേശാനുസരണം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐ പി എസിന്റെ നേതൃത്വത്തില്‍ ദിവസങ്ങളോളം നീണ്ടു നിന്ന അന്വേഷണത്തിലൊടുവിലാണ് കേരളത്തിലെ ഏറ്റവും വലിയ അന്യസംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിലുള്ള കഞ്ചാവ് ശൃംഖലകളിലൊന്നിനെ പിടികൂടാന്‍ സാധിച്ചത്.
തൃശൂര്‍ ,എറണാകുളം കേന്ദ്രീകരിച്ച് വില്‍പനക്കായാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് സൂചനയെന്നും ഈ സംഘത്തിലെ കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങിയതായും പൊലീസ് അറിയിച്ചു.