പാലക്കാട് ഒറ്റപ്പാലം സഹകരണ ബാങ്കിന്റെ പത്തിരപ്പാല ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് ബാങ്കിലെ സീനിയര്‍ അക്കൗണ്ടന്റ് മോഹന കൃഷ്ണനും കുടുംബാംഗങ്ങളും തട്ടിയെടുത്തത് 45 ലക്ഷം രൂപയെന്ന് കണ്ടെത്തല്‍. ആദ്യം 27 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു ആദ്യ വിവരം. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ 18.50 ലക്ഷം രൂപയുടെ കൂടി തട്ടിപ്പ് കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ സീനിയര്‍ അക്കൗണ്ടന്റ് മോഹനകൃഷ്ണന്‍, സഹോദരിയും കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലക്ഷ്മിദേവി, ഇവരുടെ ഭര്‍ത്താവും സിപിഎം തേങ്കുറുശി ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ.വി.വാസുദേവന്‍, മകന്‍ വിവേക് എന്നിവര്‍ക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസ് എടുത്തിരുന്നു. മാസങ്ങള്‍ക്കിടെ വിവിധ ഘട്ടങ്ങളിലായി മോഹന കൃഷ്ണനും കുടുംബാംഗങ്ങളും ചേര്‍ന്നു മുക്കുപണ്ടങ്ങള്‍ പണയം വച്ച് പണം തട്ടി എന്നായിരുന്നു ബാങ്കിന്റെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. മോഹനകൃഷ്ണനെ ബാങ്ക് ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തിരുന്നു.