ഇടുക്കി: നെടുങ്കണ്ടത്ത് അസം സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി സദ്ദാം, അജിമുദീൻ, കൈറുൾ ഇസ്ലാം, മുക്കി റഹ്മാൻ എന്നിവരാണ് പിടിയിലായത്. യുവതിയും ഭർത്താവും അവരുടെ കുട്ടിയും ഇന്നലെയാണ് നെടുങ്കണ്ടത്ത് എത്തിയത്.
പ്രദേശത്തുള്ള ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് ഇവർ സദ്ദാമിനെ പരിചയപ്പെടുന്നത്. ഒരു ജോലിയും താമസിക്കാൻ സ്ഥലവും തരപ്പെടുത്തി തരണമെന്ന് ഇവർ സദ്ദാമിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സദ്ദാം ഇവരെ അയാളുടെ മുറിയിലേക്ക് കൊണ്ടുപോയി. മുറിയിൽ വെച്ച് സദ്ദാം യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അറസ്റ്റ് ചെയ്യപ്പെട്ട 4 പേരും തന്നെ ശാരീരികമായി ഉപദ്രവിച്ചതായും ഇവർ പരാതി നൽകിയിട്ടുണ്ട്. യുവതിയുടെയും കുടുംബത്തിന്റെയും സാധനങ്ങൾ സദ്ദാമിന്റെ മുറിയിൽ നിന്നും എടുത്തു തരണമെന്ന് ആവശ്യപ്പെട്ട് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെ ഇവർ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്. ശേഷം 4 പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.