കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ജീവെനാടുക്കിയ ഷൈനിയുടെ മൊബൈല്‍ ഫോണ്‍ ഏറ്റുമാനൂരിലെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. ഷൈനി മരിച്ചതിന്റെ തലേ ദിവസം ഫോണ്‍ വിളിച്ചെന്നായിരുന്നു ഭര്‍ത്താവ് നോബിയുടെ മൊഴി. ഫോണിലൂടെയുള്ള നോബിയുടെ സംസാരം ആത്മഹത്യക്ക് കാരണമായെന്നായിരുന്നു പൊലീസിന്റെ നിഗമനം. ഇതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരാന്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കയക്കും.
ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വെ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷൈനി റെയില്‍വേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.ബിഎസ്‌സി നഴ്‌സ് ബിരുദധാരിയായിരുന്നു ഷൈനി. ജോലിക്ക് പോകാന്‍ ഷൈനി ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും ഭര്‍ത്താവ് നോബി പിന്തുണച്ചിരുന്നില്ല. ഇതിന്റെ പേരില്‍ നോബി ഷൈനിയെ ഉപദ്രവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മക്കളുമായി ഷൈനി സ്വന്തം വീട്ടിലെത്തിയത്.