കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും രണ്ട് പെണ്‍മക്കളും ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. മൃതദേഹങ്ങള്‍ കണ്ടെത്തിയ റെയില്‍വേ ട്രാക്കിലും വീട്ടിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ഫോണ്‍ കിട്ടിയില്ല. കേസിലെ നിര്‍ണായക തെളിവാണ് മൊബൈല്‍ ഫോണ്‍.
ഷൈനിയും മക്കളും ജീവനൊടുക്കുന്നതിന് മുമ്പ് ഫോണില്‍ വിളിച്ചിരുന്നതായി ഭര്‍ത്താവ് നോബി മൊഴി നല്‍കിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. നോബിയുടെ ഫോണ്‍ നേരത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഷൈനിയുടെ ഫോണ്‍ എവിടെ എന്നതില്‍ പൊലീസിന് ഇപ്പോഴും വ്യക്തതയില്ല.
ഷൈനിയും മക്കളും ട്രൈയിനിന് മുന്നില്‍ ചാടി മരിച്ച റെയില്‍വേ ട്രാക്കിലും സമീപത്തും പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കിട്ടിയില്ല. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനിയില്‍ സ്വിച്ച് ഓഫ് ആകുന്നതിന് മുമ്പ് ഫോണ്‍ ഷൈനിയുടെ വീട്ടിലാണ് ഉണ്ടായിരുന്നതെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അവിടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല.
ഫോണ്‍ നിലവില്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഷെനിയുടെ ഫോണിനെ കുറിച്ച് അറിയില്ലെന്നാണ് മാതാപിതാക്കളുടെ മൊഴി. ഇത് പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. മാതാപിതാക്കളുടെ മൊഴി വീണ്ടും എടുക്കാനാണ് പൊലീസ് തീരുമാനം. കൂടാതനെ ഷൈനി സ്വന്തം വീട്ടില്‍ മാനസിക സമ്മര്‍ദ്ദനം നേരിട്ടിരുന്നുവെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.