ഇടുക്കി കുറത്തിക്കുടിക്ക് സമീപം കാട്ടാന ആക്രമണത്തിൽ ആശ വർകർക്കും ഭർത്താവിനും പരിക്ക്. ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ ഇരുവരേയും അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ടായിരുന്നു പെരുമ്പൻകുത്ത് കുറത്തിക്കുടി റോഡിൽ പ്ലാങ്കലിന് സമീപം വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആശവർക്കായ അമ്പിളി ജോലി സംബന്ധമായ ആവശ്യത്തിന് അടിമാലിയിൽ എത്തിയ ശേഷം ഭർത്താവിനൊപ്പം സ്കൂട്ടറിൽ കുറത്തിക്കുടിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയം വഴിയിൽ നിലയുറപ്പിച്ചിരുന്ന ആനയുടെ മുമ്പിൽ ഇരുവരും പെട്ടു.
അമ്പിളിയുടെ ഭർത്താവ് രവിയായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. ആനയുടെ മുമ്പിൽപ്പെട്ടതോടെ സ്കൂട്ടർ വഴിയിൽ മറിഞ്ഞു. ആനയുടെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരിക്കേൽക്കുകയായിരുന്നുവെന്ന് അമ്പിളി പറഞ്ഞു.
അൽപ്പ ദൂരം രവിയെ ഓടിച്ച ശേഷം ആന പിൻവാങ്ങി. അമ്പിളിയെ കൂടുതലായി ആക്രമിക്കാൻ ആന മുതിരാതിരുന്നത് ആശ്വാസമായി. പരിക്കേറ്റ അമ്പിളിയേയും രവിയേയും പിന്നീട് അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ പരിക്ക് ഗുരുതരമല്ല.