തൃശൂർ പെരുമ്പിലാവ് കൊലപാതകത്തിലെ മുഖ്യപ്രതി ലിഷോയ് പിടിയിൽ. കൊലപാതക ശേഷം വീടിനടുത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ഇയാൾ ഇന്ന് രാവിലെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. റീൽസ് ചിത്രീകരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും സംശയവും ആണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കുന്നംകുളം പെരുമ്പിലാവ് ആൽത്തറ നാല് സെന്റ് കോളനിയിൽ ഇന്നലെ രാത്രി 8 മണിയോടെ ആയിരുന്നു കൊലപാതകം.മരത്തംകോട് സ്വദേശി അക്ഷയ് കൂത്തനാണ് കൊല്ലപ്പെട്ടത് .ലിഷോയ്, സുഹൃത്ത് ബാദുഷ എന്നിവരും ഇവരുടെ കൂട്ടാളികളായ നിഖിൽ, ആകാഷ് എന്നിവരും ചേർന്നാണ് കൊലപാതകം നടത്തിയത്.
കൊല്ലപ്പെട്ട അക്ഷയും പ്രതികളും ഒരേ സംഘത്തിൽ പെട്ടവരായിരുന്നു. ലഹരി കച്ചവടവുമായി ബന്ധപ്പെട്ട് ലിഷോയിയും സംഘവും ഗ്യാങ്ങ് മാറിയോ എന്ന എന്ന സംശയത്തെ തുടർന്നാണ് അക്ഷയ് ലിഷോയുടെ വീട്ടിലേക്ക് എത്തിയത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അക്ഷയ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
അക്ഷയുടെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് ഇന്നലെ രാത്രി തന്നെ മാറ്റിയിരുന്നു. ആക്രമത്തിനിടെ സംഘത്തിലെ ബാദുഷ ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ട അക്ഷയ് കൂത്തനും, പ്രതികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.