മാവേലിക്കര: വേനലവധിക്കാലം ചെലവഴിക്കാൻ അമ്മയുടെ വീട്ടിലെത്തിയ ആറുവയസുകാരൻ ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങര കൊല്ലവറയിൽ ഹാബേൽ ഐസക്ക്-ശ്യാമ ദമ്പതികളുടെ മകൻ ഹമീനാണ് (6) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ശ്യാമയുടെ വീടായ ചെട്ടികുളങ്ങര കൈതവടക്ക് കോയിത്താഴത്ത് വീട്ടിലായിരുന്നു അപകടം നടന്നത്.വീടിന്റെ ഭിത്തിയ്ക്കരികിലായി കുഴിയാനയെ പിടിച്ചു കളിക്കുകയായിരുന്നു ഹമീൻ. വഴിയാത്രക്കാരനാണ് ഹമീൻ വീണുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എർത്ത് വയറിൽ പിടിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കെഎസ്ഇബി സെക്‌ഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.