എറണാകുളം ജില്ലാ കോടതി പരിസരത്ത് അഭിഭാഷകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടി. ബാര്‍ അസോസിയേഷന്‍ ആഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. 16 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും 8 അഭിഭാഷകര്‍ക്കും പരിക്കേറ്റു.
കോടതി പരിസരത്ത് ബാര്‍ അസോസിയേഷന്‍ ആഘോഷത്തിനിടെയാണ് അഭിഭാഷകരും, വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ആഘോഷ പരിപാടിക്കിടെ മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ അതിക്രമിച്ച് കയറി സംഘര്‍ഷമുണ്ടാക്കി എന്ന് അഭിഭാഷകര്‍ ആരോപിച്ചു. എന്നാല്‍ അഭിഭാഷകര്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
കോളേജില്‍ നടക്കുന്ന പൊതു പരിപാടിയുടെ ഭാഗമായി ഇന്നലെ രാത്രിയില്‍ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ ഉണ്ടായിരുന്നു.ഇതിനിടെ വിദ്യാര്‍ത്ഥികളോട് അഭിഭാഷകര്‍ മോശമായി പെരുമാറി, പെണ്‍കുട്ടികളെ അടക്കം ശല്ല്യപ്പെടുത്തിയെന്നും അഭിഭാഷകരുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കാന്‍ എത്താറുണ്ടെന്നും, കഴിഞ്ഞ ദിവസവും ഇതുപോലെ എത്തി പ്രശ്‌നം ഉണ്ടാക്കിയെന്നുമാണ് അഭിഭാഷകരുടെ വാദം.രാത്രിയില്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ എത്തിയ പൊലീസിനും പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവര്‍ ഇന്നലെ രാത്രി തന്നെ എറണാകുളത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .