കണ്ണൂര്‍: കൊല്ലം കുണ്ടറ സ്വദേശിനിയായ ദിവ്യ ജോണി ആദ്യം വാർത്തയിൽ നിറയുന്നത് സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയ യുവതിയെന്ന നിലയിലാണ്. ഒരിക്കൽ വെറുപ്പോടെ കണ്ട യുവതിയെ, ജീവിത കഥ കേട്ട് എല്ലാവരും മനസിലാക്കി ക്ഷമിച്ചു തുടങ്ങിയിരുന്നു. പ്രസവാനന്തരം സ്ത്രീകള്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍' എന്ന മാനസികാവസ്ഥയിലാണ് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ ദിവ്യ ഇല്ലാതാക്കിയത്. പോസ്റ്റ് പാർട്ടം ഡിപ്രഷനെ കുറിച്ച് കേരളം ചർച്ച ചെയ്യാൻ കാരണമായ ദിവ്യ ജീവനൊടുക്കിയെന്ന ദുഃഖകരമായ വാർത്തയാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആലക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പഠിക്കാന്‍ മിടുക്കിയായിരുന്നു ദിവ്യ. ഏറെ പ്രതീക്ഷകളുമായി താന്‍ തന്നെ തെരഞ്ഞെടുത്ത ഒരാള്‍ക്കൊപ്പമള്ള വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വച്ചു. എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്തുള്ള ജീവിതമായിരുന്നില്ല ദിവ്യയെ കാത്തിരുന്നത്.വൈകാരികമായ ഒറ്റപ്പെടലും, അവഗണനയും ദിവ്യയെ പലവട്ടം മുറിപ്പെടുത്തി. ഗര്‍ഭിണി ആയപ്പോഴും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോഴും വീണ്ടും ജീവിതത്തെ പ്രതീക്ഷാപൂര്‍വം തന്നെ കാത്തിരുന്നു. എന്നാല്‍ സിസേറിയന്റെ വേദനയോടെ തിരിച്ച് ഭര്‍തൃഗൃഹത്തിലേക്ക് എത്തിയപ്പോള്‍ എതിരേറ്റതും വീണ്ടും പഴയ അവഗണന തന്നെ.
ശാരീരികവും മാനസികവുമായ വേദനകളും, അതിനോട് ചുറ്റുപാടുകളില്‍ നിന്നുണ്ടായ തുടര്‍ച്ചയായ അവഗണനയും ദിവ്യയെ പതിയെ മനോരോഗിയാക്കി മാറ്റി. ജീവിതത്തോടുള്ള നിരാശയും അമര്‍ഷവും ആരോടാണ് കാണിക്കേണ്ടതെന്നോ, എവിടെയാണ് തീര്‍ക്കേണ്ടതെന്നോ പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. അങ്ങനെ ആ ശപിക്കപ്പെട്ട ദിവസം സ്വന്തം കുഞ്ഞിനെ അവൾ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തുന്നു. കുറെ വർഷങ്ങൾക്ക് ശേഷമാണ് സംഭവത്തെക്കുറിച്ച് അവൾ പുറംലോകത്തോട് പറഞ്ഞത്.അവളുടെ ദുരിത കഥ കേട്ടാണ് കണ്ണൂർ സ്വദേശിയായ യുവാവ് ദിവ്യയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. കണ്ണൂർ ആലക്കോട്ടെ ഭർതൃവീട്ടിൽ സന്തോഷത്തോടെ കഴിഞ്ഞിരുന്ന യുവതി ജീവനൊടുക്കിയിരിക്കുന്നു.