കോഴിക്കോട് സ്വകാര്യ ബസിന്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ബസ് ഡ്രൈവർ സഹയാത്രികനെ ക്രൂരമായി മർദ്ദിച്ചു. തോളിൽ കൈ വെച്ചതിനെ ചോദ്യം ചെയ്ത യുവാവിന് നേരെയായിരുന്നു മറ്റൊരു സ്വകാര്യ ബസ്സിലെ ഡ്രൈവറായ പറമ്പിൽ ബസാർ സ്വദേശി റംഷാദിന്റെ ഗുണ്ടായിസം അരങ്ങേറിയത്. പരിക്കേറ്റ മാങ്കാവ് സ്വദേശി നിഷാദിന്റെ പരാതിയെ തുടർന്ന് റംഷാദിനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ 20ന് രാത്രി 9. 15 ഓടെയാണ് സംഭവം നടന്നത്. പന്തീരാങ്കാവ്- കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന സാഹിർ ബസ്സിന്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു പരാതിക്കാരനായ മാങ്കാവ് സ്വദേശി നിഷാദും പ്രതിയും മറ്റൊരു ബസ്സിലെ ഡ്രൈവറുമായ പറമ്പിൽ ബസാർ സ്വദേശി റംഷാദും. റംഷാദ് ലഹരി ഉപയോഗിച്ചിരുന്നെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കുന്നു. അതിനിടയിൽ ഇയാൾ സഹയാത്രികനായ നിഷാദിന്റെ തോളിൽ കൈവച്ചു. നിഷാദ് കൈമാറ്റാൻ ആവശ്യപ്പെട്ടതോടെ റംഷാദ് കഴുത്തു ഞെരിക്കുകയും നിലത്തിട്ട് മുഖത്ത് അടിക്കുകയും ആണ് ചെയ്തത്.
മർദ്ദനത്തിൽ പരിക്കേറ്റ നിഷാദ് കോഴിക്കോട് കസബ പൊലീസിൽ പരാതി നൽകി. തന്റെ കൈവശമുണ്ടായിരുന്ന 13,000 രൂപയുടെ മൊബൈൽ ഫോണും 4500 രൂപയും പ്രതിയായ റംഷാദ് പിടിച്ചുപറിച്ചതായും നിഷാദിന്റെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. അറസ്റ്റിലായ പ്രതി റംഷാദ് ക്രിമിനൽ പശ്ചാത്തലം ഉള്ളയാളാണോ എന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്.