Share this Article
Union Budget
'തല ആകാശത്ത് കാണേണ്ടിവരും, കാല് തറയിലുണ്ടാവില്ല'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും വധഭീഷണി മുഴക്കി ബിജെപി
വെബ് ടീം
posted on 16-04-2025
1 min read
rahul

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി. പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ പറഞ്ഞു. രാഹുലിന്‍റെ തല ആകാശത്ത് കാണേണ്ടിവരുമെന്നും കാല് തറയിലുണ്ടാവില്ലെന്നും ഓമനക്കുട്ടൻ ഭീഷണി മുഴക്കി. പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള നീക്കം വിവാദമാക്കിയ നടപടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെയാണ് വീണ്ടും ഭീഷണി.

നൈപുണ്യ വികസന കേന്ദ്രത്തിന്‍റെ തറക്കല്ലിടൽ ചടങ്ങ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. നൈപുണ്യ വികസന കേന്ദ്രത്തിനെതിരായ നീക്കമാണ് എംഎൽഎയുടേതെന്നും ഭിന്നശേഷി വിദ്യാര്‍ത്ഥികളെ അപമാനിക്കുകയാണ് എംഎൽഎയെന്നും വ്യക്തമാക്കിയാണ് ബിജെപി ഇന്ന് എംഎൽഎ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനിടെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഭീഷണി തുടര്‍ന്നു.

നേരത്തെയും വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ആർ എസ് എസ് നേതാക്കളെ അവഹേളിച്ചാൽ എംഎൽഎയെ പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു ബിജെപിയുടെ ഭീഷണി. നൈപുണ്യ വികസന കേന്ദ്രത്തിന് ആർ എസ് എസ് നേതാവിന്റെ പേര് നൽകിയ വിഷയത്തെ നിയമപരമായി, ജനാധിപത്യപരമായി, രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories