Share this Article
ഈ ലയണൽ മെസ്സി ഇവിടുത്തെയാണ്; സമൂഹമാധ്യമങ്ങളിൽ ഈ പിതാവും മകനും വൈറൽ
വെബ് ടീം
posted on 05-01-2024
1 min read
hard-core-argentine-footballer-messi-fan-youth-names-son-after-lionel-messi

മലപ്പുറം: ഫുട്ബോൾ ലോകത്തെ മിശിഹയാണ്  ലയണൽ മെസ്സി. ഇതിഹാസ താരത്തോടുള്ള ആരാധകരുടെ സ്നേഹപ്രകടനം പുതുമയുള്ള കാര്യമല്ല. തിരൂരിനടുത്തുള്ള കൂട്ടായിയിലെ ഐതുന്റെ പുരക്കൽ മൻസൂർ മെസ്സിയോടുള്ള ആരാധന ലോകത്തെ അറിയിക്കുന്നതും അല്പം വ്യത്യസ്തമായാണ്. തനിക്ക് പിറന്ന കുഞ്ഞിന് മൻസൂർ നൽകിയ പേര് കേട്ടാൽ ആദ്യം ആരുമൊന്ന് അമ്പരക്കും. കാരണം മൻസൂർ-സഫീല നസ്റിൻ ദമ്പതികൾ തങ്ങളുടെ കുഞ്ഞുമകന് നൽകിയ പേര് ‘ലയണൽ​ മെസ്സി’ എന്നാണ്.

തിരൂർ ശിഹാബ് തങ്ങൾ സഹകരണ ആശുപത്രിയിലായിരുന്നു ‘ലയണൽ മെസ്സി’യുടെ ജനനം. ‘എ.പി ലയണൽ മെസ്സി’ എന്നെഴുതിയ ജനന സർട്ടിഫിക്കറ്റും അർജന്റീനയുടെ കുഞ്ഞു ജഴ്സിയണിഞ്ഞ ‘ലയണൽ മെസ്സി’യുടെ ചിത്രവുമെല്ലാം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

മെസ്സിയുടെ കടുത്ത ആരാധകനാണ് എ.പി മൻസൂർ. ഖത്തർ ലോകകപ്പിൽ മെസ്സിയും സംഘവും ലോക കിരീടമുയർത്തുമ്പോൾ സാക്ഷിയാകാൻ അദ്ദേഹം ഉണ്ടായിരുന്നു. ആഗസ്റ്റ് നാലിന് ആൺകുഞ്ഞ് പിറന്നപ്പോൾ മൻസൂറിന് മെസ്സിയെന്നല്ലാതെ മറ്റൊരു പേരും മനസ്സിൽ വന്നില്ല. പിന്തുണയുമായി സഫീല നസ്റിനും ഒപ്പം നിന്നു. പലരും കടുത്ത വിമർശനങ്ങളുമായി എത്തിയപ്പോൾ പിന്തുണക്കാൻ കൂട്ടുകാരുണ്ടായിരുന്നു. മകൻ വളർന്നു വലുതായ ശേഷം അവന് വേണമെങ്കിൽ പേര് മാറ്റാമെന്നാണ് മൻസൂറിന്റെ പക്ഷം. മികച്ച ഫുട്ബാൾ താരമായി മലപ്പുറത്തിന്റെ ‘ലയണൽ മെസ്സി’യെ വളർത്തിയെടുക്കണമെന്നും മൻസൂറിന് ആഗ്രഹമുണ്ട്. സൗദിയിലെ സ്വകാര്യ കമ്പനിയിൽ ലിഫ്റ്റിങ് സൂപ്പർവൈസറാണ് മൻസൂർ. താനൂരിലെ മാതാവിന്റെ വീട്ടിലാണ് ‘ലയണൽ മെസ്സി’ ഇപ്പോൾ കഴിയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories