Share this Article
എസ്ഐയുടെ പെരുമാറ്റം പ്രോട്ടോകോൾ പാലിക്കാതെയെന്ന് അന്വേഷണറിപ്പോർട്ട്‌; നടപടിയ്ക്ക് സാധ്യത
വെബ് ടീം
posted on 10-01-2024
1 min read
acp-inquiry-report-on-m-vijin-mla-vs-police-blames-si-shameel-of-violating-protocol

കണ്ണൂര്‍: കല്യാശേരി എംഎൽഎ എം വിജിനും കണ്ണൂര്‍ ടൗൺ പൊലീസും തമ്മിലുള്ള തര്‍ക്കത്തിൽ എസ്ഐ ഷമീലിന് തെറ്റ് പറ്റിയെന്ന് എസിപിയുടെ റിപ്പോര്‍ട്ട്. പ്രോട്ടോകോൾ പാലിക്കാതെയാണ് കണ്ണൂര്‍ ടൗൺ എസ്ഐ ഷമീൽ പെരുമാറിയതെന്നും സ്ഥിതി വഷളാക്കിയത് എസ്ഐയുടെ പെരുമാറ്റമാണെന്നും റിപ്പോർട്ടിൽ. എം വിജിൻ എംഎൽഎയാണെന്ന് മനസിലായ ശേഷവും എസ്ഐ മോശമായി പെരുമാറി. കളക്ട്രേറ്റ് ഗേറ്റിൽ സുരക്ഷ ഒരുക്കാത്തതും വീഴ്ചയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇതോടെ എസ്ഐക്കെതിരെ നടപടി ഉറപ്പായി. എം വിജിൻ എംഎൽഎ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസിപി അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറി. 

കെജിഎൻഎ എന്ന സിപിഐഎം അനുകൂല സംഘടന കണ്ണൂര്‍ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് വിവാദ സംഭവം ഉണ്ടായത്. കളക്ട്രേറ്റ് വളപ്പിൽ കടന്നവർക്കെതിരെ കേസെടുക്കുമെന്ന ടൗൺ എസ്ഐയുടെ ഭീഷണിയായിരുന്നു പൊലീസും എംഎൽഎയുംതമ്മിൽ കൊമ്പുകോർക്കാൻ കാരണം. പ്രകടനമായെത്തിയ നഴ്സുമാർ കളക്ട്രേറ്റിന് അകത്തുകയറിയത് തടയാൻ പൊലീസ് ഉണ്ടായിരുന്നില്ല. അതിനാൽ വീഴ്ച പൊലീസിനാണെന്നും പിന്നെ എന്തിനാണ് കേസെന്നുമായിരുന്നു എംഎൽഎയുടെ ചോദ്യം. കേസെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥ എംഎൽഎയുടെ പേര് ചോദിക്കുകയും ചെയ്തു. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തെങ്കിലും എംഎൽഎയെ ഒഴിവാക്കി. കെജിഎൻഎ ഭാരവാഹികളും കണ്ടാലറിയാവുന്ന നൂറോളം പേരുമായിരുന്നു പ്രതികൾ. സിവിൽ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയതിനും അന്യായമായി സംഘം ചേർന്നതിനും വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

സംഭവത്തിൽ എംഎൽഎ നൽകിയ പരാതി എസിപി രത്നകുമാറാണ് അന്വേഷിച്ചത്. സംഭവത്തിൽ എസ്ഐ ഷമീലിന്റെയും കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ കെജിഎൻഎ ഭാരവാഹികളുടെയും സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പിങ്ക് പൊലീസ് ഉദ്യോഗസ്ഥരുടെയും സ്ഥലത്തുണ്ടായിരുന്ന മറ്റ് ദൃക്സാക്ഷികളുടെയും മൊഴി എസിപി രേഖപ്പെടുത്തിയിരുന്നു. ഇതടക്കമാണ് കമ്മീഷണര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories