അരൂർ: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് ഒരു മണിക്കൂറിലേറെ നേരം റോഡിൽ കിടന്ന മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ യുവാവ് മരിച്ചു. അപകട വിവരമറിഞ്ഞ് ബന്ധുക്കളടക്കമുള്ളവർ എത്തിയ ശേഷം യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അരൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാംവാര്‍ഡ് പുത്തനങ്ങാടി സാബുവിന്റ മകന്‍ അര്‍ജുന്‍ സാബു (അപ്പു -23)വാണ് ദാരുണമായി മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ അരൂര്‍ ഇല്ലത്തുപടി-പള്ളിയറക്കാവ് റോഡിലായിരുന്നു അപകടം.
ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലുള്ള ടെലഫോണ്‍ പോസ്റ്റിലിടിച്ച് അര്‍ജുന്‍ സാബു തെറിച്ചുവീഴുകയായിരുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു മണിക്കൂറിലധികം നേരം സംഭവസ്ഥലത്ത് കിടന്നു. പിന്നീട് ഇതുവഴിപോയവര്‍ ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളടക്കമുള്ളവർ എത്തിയാണ് അര്‍ജുനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പുറമെ പരിക്കുകളൊന്നും ഇല്ലാതിരുന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അപകടത്തില്‍ സംഭവിച്ച ആന്തരികമായ പരിക്കുകളാണ് മരണകാരണം.
മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായ അര്‍ജുന്‍ അഞ്ച് മാസം മുന്‍പ് അവധിക്ക് വന്നതാണ്. അടുത്തമാസം ജോലി സ്ഥലത്തേക്ക് മടങ്ങാനിരിക്കെയാണ് അപകടം.
അമ്മ: ഷിബിജ. സഹോദരന്‍: ശ്രീക്കുട്ടന്‍. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന്‌ശേഷം സംസ്‌കരിച്ചു. അരൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.