Share this Article
image
മാധ്യമങ്ങളെ വശത്താക്കലും നിശബ്ദരാക്കലും അതിനും തയ്യാറാകാത്തവരെ ജയിലിൽ അടക്കുന്നതും ജനാധിപത്യം ചുരുങ്ങുന്നതിന്റെ ലക്ഷണം; COA മലപ്പുറം ജില്ല സമ്മേളനത്തോടനുബന്ധിച്ച് തിരൂരില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു
വെബ് ടീം
posted on 19-01-2024
1 min read
COA MEDIA SEMINAR AT TIRUR BEHALF COA MALAPPURAM  DISTRICT

മലപ്പുറം: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍   മലപ്പുറം ജില്ല സമ്മേളനത്തോടനുബന്ധിച്ച് തിരൂരില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. വാര്‍ത്തകളിലെ വസ്തുനിഷ്ഠതയും മാധ്യമങ്ങളുടെ വിശ്വാസ്യതയും എന്ന  വിഷയത്തിലായിരുന്നു സെമിനാർ.  

സി.ഒ.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. വിജയകൃഷ്ണനായിരുന്നു സെമിനാറിന്‍റെ മോഡററേറ്റര്‍. റിപ്പോർട്ടർ ടിവി എക്സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹൻ, 24 ന്യൂസ് സീനിയർ എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിം, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് അനൂപ് ബാലചന്ദ്രൻ എന്നിവരാണ് സെമിനാറിൽ വിഷയം അവതരിപ്പിച്ച് സംസാരിച്ചത്.  മാധ്യമങ്ങളുടെ പ്രാധാന്യം എങ്ങനെ കുറയ്ക്കാം എന്നതാണ് ഭരണകൂടം ചിന്തിക്കുന്നത് എന്ന് സ്മൃതി പരുത്തിക്കാട് പറഞ്ഞു. അധികൃതരെ വിമർശിച്ചതിന്റെ പേരിൽ താനടക്കം മാധ്യമപ്രവർത്തകർ സമൂഹമാധ്യമ വേട്ടക്ക് ഇരയാക്കപ്പെട്ടിട്ടുണ്ടെന്നും സ്മൃതി പരുത്തിക്കാട് പറഞ്ഞു. 

മാധ്യമങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കൽ ഭരണകൂടത്തിന്റെ ആവശ്യമാണെന്ന് അഭിലാഷ് മോഹൻ പറഞ്ഞു. മാധ്യമങ്ങളെ വശത്താക്കലും നിശബ്ദരാക്കലും അതിനും തയ്യാറാകാത്തവരെ ജയിലിൽ അടക്കുന്നതും ജനാധിപത്യം ചുരുങ്ങുന്നതിന്റെ ലക്ഷണമാണ്. മാധ്യമ വിമർശനവും മാധ്യമപ്രവർത്തകരെ അസഭ്യം പറയലും രണ്ടും രണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. 

മുഖ്യധാരാ മാധ്യമങ്ങളുടെ കൂമ്പ് അടച്ചു കളയാൻ ശ്രമം നടക്കുന്ന കാലമാണ് ഇതെന്ന് ഹാഷ്മി താജ് ഇബ്രാഹിം പറഞ്ഞു. മുഖ്യധാര മാധ്യമങ്ങൾ ഇല്ലാതാക്കി പകരം സ്ഥാപിക്കാൻ പോകുന്നത് വ്യാജങ്ങളുടെ കുത്തൊഴുക്കായ സമൂഹമാധ്യമങ്ങളെയാണ്. മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ പ്രധാന ഭാഗമാണെന്നും ഹാഷ്മി പറഞ്ഞു.

മുഖ്യധാര മാധ്യമങ്ങളിൽ വ്യാജവാർത്ത നിർമ്മിച്ചു കഴിഞ്ഞാൽ ആ മാധ്യമപ്രവർത്തകന്റെ ഭാവി ഇരുളടയുമെന്നും എന്നാൽ സമൂഹമാധ്യമത്തെ സംഘടിത രൂപങ്ങൾ വ്യാജവാർത്ത നിർമ്മിതിക്കായി ഉപയോഗിക്കുകയാണെന്നും അനൂപ് ബാലചന്ദ്രൻ പറഞ്ഞു. മാധ്യമങ്ങളെ ഭയപ്പെടുന്നവർ അപ്രിയ സത്യങ്ങൾ വിളിച്ചു പറയുന്നവർക്ക് മൂക്കുകയറിടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിഒഎ സംസ്ഥാന പ്രസിഡണ്ട് അബൂബക്കർ സിദ്ദീഖ്, കേരള വിഷൻ ഡിജിറ്റൽ ടിവി ആൻഡ് ബ്രോഡ്ബാൻഡ് ചെയർമാൻ കെ. ഗോവിന്ദൻ, കേരള വിഷൻ ചെയർമാൻ രാജ്മോഹൻ മാമ്പ്ര തുടങ്ങിയവർ സംസാരിച്ചു.





ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories