കൽപ്പറ്റ: വയനാട്, എൻ ഊര് സിഇഒ നിയമനത്തിലെ അനാസ്ഥ ചൂണ്ടിക്കാട്ടി സമീപിച്ചപ്പോൾ വയനാട് ജില്ലാകളക്ടർ അപമാനിച്ചുവെന്ന് ആരോപണം. കളക്ടർ രേണു രാജിനെതിരെ മണിക്കുട്ടൻ പണിയനാണ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. കാബിനിൽ നിന്നും ആട്ടിപ്പായിച്ചുവെന്നും ഉറക്കെ ബഹളവച്ചുവെന്നും വെറുപ്പോടെയാണ് നോക്കിയതെന്നുമെല്ലാമുള്ള ആരോപണങ്ങളാണ് ഫേസ്ബുക്ക് പോസ്റ്റിൽ ഉന്നയിക്കുന്നത്. സിസ്റ്റവും ഉദ്യോഗസ്ഥരും തങ്ങളോട് ചെയ്ത തെറ്റിനെ രേണു രാജ് ന്യായീകരിച്ചുവെന്നും മണിക്കുട്ടൻ ഫേസ്ബുക്കിൽ കുറിച്ചു.
"നീതിദേവതയെ തേടി വന്ന രണ്ട് ആദിവാസികളുടെ ഹൃദയത്തിന് നീതി ദേവതയെല്പിച്ച മുറിവിന്റെ കഥ ഞങ്ങളുടെ മക്കൾക്ക് പറഞ്ഞു കൊടുക്കേണ്ട ഗതികെട്ട അവസ്ഥയാണ് ആദിവാസികൾക്ക്" എന്ന് മണിക്കുട്ടൻ ആരോപിച്ചു.
ഭൂരഹിതരായ ആദിവാസികൾക്ക് വിതരണം ചെയ്യാൻ വേണ്ടി ഏറ്റെടുത്ത സുഗന്ധഗിരി പദ്ധതി പ്രദേശത്തിന്റെ ഒരു പ്രധാന ഭാഗം വെറ്ററിനറി സർവകലാശലയ്ക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയാണ്. വയനാട്ടിലെ 'എന്നൂര്' പൈതൃക വിനോദസഞ്ചാരകേന്ദ്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. തൊഴിൽ രഹിതരായ ആദിവാസികളുള്ള ഈ പ്രദേശത്തുകാരനായ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദമുള്ള മണിക്കുട്ടൻ എൻ ഊര് സി ഇ ഒ ആകാൻ യോഗ്യനാണെന്നും നിയമനം നൽകണമെന്നുമുള്ള ആവശ്യം ഉയരാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ ഇതിൽ തീരുമാനമാകാത്തതിനെ തുടർന്ന് കളക്ടറെ കാണാൻ പോയപ്പോഴുണ്ടായ അനുഭവമാണ് മണിക്കുട്ടൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
മണിക്കുട്ടൻ പണിയന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്
വയനാട് ജില്ലാ കളക്ടർ ഡോ. രേണു രാജ് ഐഎഎസ്സിന് ഒരു തുറന്ന കത്ത്...
18-01-2024 ന് ഞാനും Ammini K യും വയനാട്, എൻ ഊര് സി ഇ ഒ നിയമനത്തിലെ അനാസ്ഥ ചൂണ്ടിക്കാട്ടി ഒരു പുറത്തിൽ കവിയാത്ത കത്തുമായി താങ്കളെ വന്നു കണ്ടിരുന്നു.
ഏത് രീതിയിലാണ് ഞങ്ങളെ നിങ്ങളുടെ കാബിനിൽ നിന്നും ആട്ടിപ്പായിച്ചത്?
എത്ര ഉറക്കെയാണ് നിങ്ങൾ ഞങ്ങളോട് 'ഓളി'- യിട്ടത്?
എത്ര വെറുപ്പോടെയാണ് ഞങ്ങളെ നോക്കിയത്?
എത്ര നൈസ് ആയിട്ടാണ് ഇവിടുത്തെ സിസ്റ്റവും ഉദ്യോഗസ്ഥരും ഞങ്ങളോട് ചെയ്ത തെറ്റിനെ താങ്കൾ ന്യായീകരിച്ചത്?
എത്ര പെട്ടന്നാണ് ഞങ്ങളെ പ്രശ്നക്കാരാക്കിയത്?
മാഡം,
വയനാട്ടിലേക്ക് ഒരു കളക്ടർ വരുമ്പോൾ ഇവിടെയുള്ള ആദിവാസികളും ആദിവാസികളുടെ പ്രശ്നങ്ങൾ അറിയുന്നവരും, അതിൽ ഇടപെടുന്നവരുമൊക്കെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. താങ്കൾ ഒന്ന് ആലോചിച്ചു നോക്കൂ, എന്നിട്ട് കണക്കെടുപ്പ് നടത്തി നോക്കൂ, താങ്കൾ ഇവിടെ ജോയിൻ ചെയ്തതിനു ശേഷം എത്ര ആദിവാസികൾ താങ്കൾക്ക് എന്തെങ്കിലും കാര്യത്തിന് പരാതി തന്നുവെന്ന്. വിരലിലെണ്ണാവുന്നതേ ഉണ്ടാകൂ...
ഇവിടെ അവർ സന്തുഷ്ടരായത് കൊണ്ടല്ല കേട്ടോ, പ്രശ്നങ്ങൾക്ക് പരാതി കൊടുത്ത് മടുത്തിട്ടും ഇവിടുത്തെ സിസ്റ്റത്തിൽ വെറുത്തിട്ടുമാണ്. ഇങ്ങനുള്ള സാഹചര്യത്തിലാണ് ഞങ്ങൾ താങ്കളെ സമീപിച്ചത്, അല്ലാതെ പേർസണൽ കാര്യത്തിനോ അനീതിക്ക് കൂട്ടുനിക്കാനോ അല്ല...
മാഡം, ഇപ്പോഴത്തെ അവസ്ഥ വെച്ച് വയനാട്ടിലെ ആദിവാസികൾ ഇനി വരുന്ന 10 വർഷത്തിനുള്ളിൽ ഈ സമൂഹത്തിൽ നിന്നും അപ്രത്യക്ഷമാകും...അത്രയ്ക്കു പ്രയാസങ്ങളിലൂടെയാണ് ഓരോ ദിവസവും ഞങ്ങൾ കടന്നു പോകുന്നത്. ഞങ്ങൾ ഇവിടുന്നു നാമവിശേഷമാകുമ്പോൾ ഞങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രയത്നിച്ച ഞങ്ങളുടെ കൊലയാളികളായ ഓരോരുത്തരും ഇവിടെ കാണും...
മാഡം,
"നീതിദേവതയെ തേടി വന്ന രണ്ട് ആദിവാസികളുടെ ഹൃദയത്തിന് നീതി ദേവതയെല്പിച്ച മുറിവിന്റെ കഥ ഞങ്ങളുടെ മക്കൾക്ക് പറഞ്ഞു കൊടുക്കേണ്ട ഗതികെട്ട അവസ്ഥയാണ് ആദിവാസികൾക്ക്"
മാറിയും മാറ്റിയും ചിന്തിക്കേണ്ട സമയം കഴിഞ്ഞു മാഡം...