തൃശൂര്‍: രാമായണവുമായി ബന്ധപ്പെട്ട വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഖേദം രേഖപ്പെടുത്തി സിപിഐ തൃശൂര്‍ എംഎല്‍എ പി ബാലചന്ദ്രന്‍. രാമായണത്തിലെ കഥാപാത്രമായ സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പൊറോട്ടയും വിളമ്പി കൊടുത്തു എന്ന് തുടങ്ങുന്ന ബാലചന്ദ്രന്റെ പോസ്റ്റ് ആണ് വിവാദമായത്. ഇതിന് പിന്നാലെ ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലടക്കം ബാലചന്ദ്രനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. സംഭവം വിവാദമായതോടെ പി ബാലചന്ദ്രന്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഫെയ്‌സബുക്കിലൂടെ തന്നെയായിരുന്നു എംഎല്‍എയുടെ ഖേദ പ്രകടനം.
'കഴിഞ്ഞ ദിവസംFB ല്‍ ഞാന്‍ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താല്‍ ഉദ്ദേശിച്ചതല്ല. ഞാന്‍ മിനിറ്റുകള്‍ക്കകം അത് പിന്‍വലിക്കുകയും ചെയ്തു. ഇനി അതിന്റെ പേരില്‍ ആരും വിഷമിക്കരുത്. ഞാന്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നു'- എംഎല്‍എ പോസ്റ്റില്‍ കുറിച്ചു.
'രാമന്‍ ഒരു സാധുവായിരുന്നു, കാലില്‍ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണന്‍ ഇറച്ചിയും പൊറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേര്‍ക്കും വിളമ്പി, അപ്പോള്‍ ഒരു മാന്‍ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമന്‍ മാനിന്റെ പിറകേ ഓടി. മാന്‍ മാരിയപ്പന്‍ എന്ന ഒടിയനായിരുന്നു. മാന്‍ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണന്‍ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ'- എന്നിങ്ങനെയായിരുന്നു ബാലചന്ദ്രന്റെ വിവാദ പോസ്റ്റിലെ വാചകങ്ങള്‍.
ഹൈന്ദ വിശ്വാസികളുടെ വിശ്വാസ പ്രമാണങ്ങളെ ഇത്രയും നികൃഷ്ടവും നീചവുമായ പ്രയോഗങ്ങളിലൂടെ ചവിട്ടി മെതിക്കാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക എന്നാണ് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ കെ കെ അനീഷ് കുമാര്‍ വിമര്‍ശിച്ചത്. 'മതഭീകരവാദികളുടെ വോട്ടിന് വേണ്ടി സ്വന്തം നാടിനേയും സംസ്‌കാരത്തെയും പിതൃശൂന്യരായ ഇക്കൂട്ടര്‍ വ്യഭിചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി... സ്വത്വബോധവും തലയ്ക്ക് വെളിവുമില്ലാത്ത കുറെ അണികള്‍ പിന്തുണയ്ക്കാനുണ്ടെങ്കില്‍ എന്തുമാവാമെന്ന ധാര്‍ഷ്്ഠ്യം....!ഇതുപോലെ വൃത്തികെട്ട ഒരു ജനപ്രതിനിധിയേയും അവന്റെ പാര്‍ട്ടിയേയും ചുമക്കാന്‍ അവസരമുണ്ടാക്കിയവര്‍ ആത്മാഭിമാനമുണ്ടെങ്കില്‍ ഇത് കണ്ട് ലജ്ജിച്ച് തല താഴ്ത്തട്ടെ...'- അനീഷ് കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.