തൃശൂർ: റോഡിൽ പടക്കം പൊട്ടിക്കുന്നതിനിടെ തെറിച്ചു വീണു ബൈക്കിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റു. ചാലക്കുടി പരിയാരം സ്വദേശി ശ്രീകാന്തിനാണ് പൊള്ളലേറ്റത്. വഴിയിലൂടെ ബൈക്കിൽ വരുന്നതിനിടെ ഓലപ്പടക്കം ബൈക്കിലേയ്ക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചതാണ് അപകടക്കിന് കാരണമായത്.
ചാലക്കുടി പരിയാരം അങ്ങാടി കപ്പേളക്ക് സമീപത്ത് വൈകിട്ട് 5.45 ഓടെയാണ് അപകടം ഉണ്ടായത്. പരിയാരം സെന്റ് ജോർജ് പള്ളിയോടനുബന്ധിച്ച അമ്പ് തിരുനാൾ ആഘോഷത്തിനിടെയാണ് സംഭവം. അമ്പ് കടന്നുവരുന്ന വഴിയുടെ അടുത്തുള്ള കടയിൽ നിന്ന് കോഴിയിറച്ചി വാങ്ങാനെത്തിയതായിരുന്നു ശ്രീകാന്ത്. ചിക്കൻ ഓഡർ ചെയ്ത് ബൈക്കിൽ കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് കത്തിച്ച പടക്കം തെറിച്ച് ബൈക്കിൽ വീണ് തീ പിടിക്കുകയായിരുന്നു.
തീപിടുത്തത്തിൽ ബൈക്കിന്റെ പെട്രോൾ ടാങ്ക് കത്തി നശിച്ചു. ശ്രീകാന്തിന് ഗുരുതരമായി പൊള്ളലേറ്റു. സമീപത്തെ കടയിലേക്കും തീ പടർന്നെങ്കിലും വേഗത്തിൽ അണച്ചു. പരിക്കേറ്റ ശ്രീകാന്തിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.