Share this Article
image
ഇൻസ്റ്റാഗ്രാം ചാറ്റിലൂടെ സൗഹൃദം; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ കേസിൽ യുവാവ് അറസ്റ്റിൽ
വെബ് ടീം
posted on 27-01-2024
1 min read
instagram-friendship-girl-demise-adhithyan-arrested-news

സുൽത്താൻ ബത്തേരി: ചീരാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി അലീന ബെന്നി ജീവനൊടുക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ആദിത്യനെയാണ്(20) ആത്മഹത്യാ പ്രേരണക്കുറ്റത്തിന് നൂല്‍പ്പുഴ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. പെൺകുട്ടിയും ആദിത്യനും ഇൻസ്റ്റഗ്രാമിൽ തുടർച്ചയായി ചാറ്റ് നടത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 20നാണ് വിദ്യാര്‍ഥിനി ബന്ധുവീട്ടില്‍ തൂങ്ങിമരിച്ചത്. മരണത്തില്‍ കുട്ടിയുടെ കുടുംബം ദൂരൂഹത ആരോപിച്ചിരുന്നു. കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുൾപ്പെടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് ആത്മഹത്യയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്.

നൂല്‍പ്പുഴ എസ്എച്ച്ഒ എ.ജെ. അമിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തെ ജോലിസ്ഥലത്തുനിന്നാണ് ആദിത്യനെ കസ്റ്റഡിയിലെടുത്തത്. ഇന്‍സ്റ്റാഗ്രാം ചാറ്റിലൂടെയാണ് ആദിത്യന്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് മറ്റൊരു പെണ്‍കുട്ടിയുമായി ആദിത്യനു ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതായാണ് സൂചന.

വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പ്രചാരണം നടന്നിരുന്നു. വിദ്യാലയത്തിന്റെ വാര്‍ഷികാഘോഷത്തിനു പിരിവ് നല്‍കാത്തതിനു ക്ലാസ് അധ്യാപിക ശകാരിച്ചതിലുള്ള മനോവിഷമമാണ് കുട്ടി ജീവനൊടുക്കാന്‍ പ്രേരണയായതെന്നായിരുന്നു പ്രചാരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories