തിരുവനന്തപുരം പോത്തൻകോട് കല്ലൂരിൽ ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. പോത്തൻകോട് കല്ലൂർ കുന്നുകാട് കാവുവിളാകത്ത് വീട്ടിൽ സുധ (49) യുടെ മൂക്കാണ് ഭർത്താവ് അനിൽകുമാർ വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം ഭർത്താവ് അനിൽകുമാർ ഒളിവിൽ പോയി. പോത്തൻകോട് പഞ്ചായത്തിലെ മുൻ വാർഡ് മെമ്പറാണ് അനിൽകുമാർ.
അനിൽകുമാറും സുധയും തമ്മിൽ കുറച്ചു കാലങ്ങളായി പിണക്കത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി പത്തേമുക്കാലോടെ ആയിരുന്നു സംഭവം. വീടിനടുത്തുള്ള ബന്ധുവിൻ്റെ മരണ വീട്ടിൽ പങ്കെടുക്കാൻ സുധ പോകുന്നത് അറിഞ്ഞ അനിൽ പാണൻവിള വീരഭദ്ര ഭദ്രകാളി ക്ഷേത്രത്തിലേക്ക് പോകുന്ന ഇടവഴിയിൽ വെച്ച് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് സുധയുടെ മുഖത്ത് അനിൽ വെട്ടുകയായിരുന്നു. വെട്ടുകൊണ്ട് സുധയുടെ മൂക്കിന്റെ ഭാഗം തൂങ്ങി മാറി. മൂക്കിന് 12 തുന്നൽ ഉണ്ട്.
കഴിഞ്ഞ അഞ്ച് വർഷമായി ഭർത്താവുമായി പിണങ്ങി താമസിക്കുന്ന സുധ വീട്ടുജോലി ചെയ്താണ് മൂന്ന് പെൺമക്കളുമായി ജീവിക്കുന്നത്. കഴുത്തിന് നേരെ വെട്ടിയത് ഒഴിഞ്ഞ് മാറിയപ്പോഴാണ് സുധയുടെ മൂക്കിന് വെട്ടേറ്റത്. സുധയുടെ കൈ വിരലിനും പരിക്കുണ്ട്. പരിക്കേറ്റ സുധ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.പ്രതിയ്ക്കെതിരെ വധശ്രമത്തിന് പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.