കോഴിക്കോട്: കോർപ്പറേറ്റുകൾക്ക് ബദൽ സൃഷ്ടിച്ച് അതിൽ ഒന്നാം സ്ഥാനത്തെത്തിയ പ്രസ്ഥാനമാണ് കേരളവിഷനെന്ന് കേരളവിഷൻ ന്യൂസ് എം.ഡി. പ്രിജേഷ് ആച്ചാണ്ടി. കേരളത്തിലെ മാധ്യമ രംഗത്ത് കുത്തകകളുടെ കടന്നുകയറ്റം ചെറുക്കാൻ സാധിച്ചിട്ടുണ്ട്. ജനങ്ങളുടെ കൂട്ടായ്മയിലൂടെ കേരളവിഷന് പ്രതിരോധം തീർക്കാൻ സാധിച്ചു. സമൂഹത്തിലെ എല്ലാ മേഖലകളിലും കോർപ്പറേറ്റുകൾ തങ്ങളുടെ സ്വാധീനം ചെലുത്താൻ വിവിധ മാർഗങ്ങൾ ഉപയോഗിച്ച് ശ്രമിക്കുകയാണ്.അതിനെ ചെറുക്കാൻ കേരളവിഷന്റെ അയ്യായിരത്തോളം വരുന്ന ഓപ്പറേറ്റർമാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇനിയും അത് ശക്തമായി തുടരുമെന്നും പ്രിജേഷ് ആച്ചാണ്ടി പറഞ്ഞു.
കായിക മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്ന സ്റ്റാർ സ്പോർട്സ് ചാനലുകളിൽ നിന്ന് ഇന്ന് ജിയോ സിനിമ ഡിജിറ്റൽ സംപ്രേക്ഷണാവകാശം കൈപിടിയിലാക്കിയപ്പോൾ പരസ്യത്തിലുൾപ്പെടെ അടിച്ചേൽപ്പിക്കപ്പെടുന്ന കുത്തകതാല്പര്യങ്ങൾ കാണേണ്ടി വരുന്ന അവസ്ഥയ്‌ക്കെതിരെയുള്ള കേരളവിഷന്റെ ചെറുത്ത് നിൽപ്പ് സൂചിപ്പിച്ചാണ് കോർപ്പറേറ്റുകൾക്ക് എതിരെയുള്ള പോരാട്ടം സാധിക്കുന്ന എല്ലാ രീതിയിലും തുടരുമെന്ന് പ്രിജേഷ് ആച്ചാണ്ടി വ്യക്തമാക്കിയത്.
രാജ്യത്ത് ബ്രോഡ്ബാൻഡ് രംഗത്ത് 8-ാം സ്ഥാനത്തും ഡിജിറ്റൽ കേബിൾ ടിവി വിതരണരംഗത്ത് 6-ാം സ്ഥാനത്തും എത്താൻ കേരളവിഷന് കഴിഞ്ഞെന്നും പ്രിജേഷ് ആച്ചാണ്ടി പറഞ്ഞു.
COA സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കേരള സംവാദം സെമിനാർ പരമ്പരയിലെ ചെറുകിട, ബദൽ സംരംഭങ്ങൾ - വെല്ലുവിളികളും സാധ്യതകളും എന്ന സെമിനാറിൽ സ്വാഗതം ആശംസിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിജേഷ് ആച്ചാണ്ടി.
ജിയോയ്ക്കുള്ള നിയമം തന്നെയാണ് ഇവിടെ ചെറുകിട സംരംഭങ്ങൾക്കുള്ളതെന്ന് കേരളവിഷൻ ഡിജിറ്റൽ ആൻഡ് ബ്രോഡ്ബാൻഡ് ചെയർമാൻ കെ.ഗോവിന്ദൻ സെമിനാറിൽ സൂചിപ്പിച്ചു. .ഇത് വലിയ വൈരുദ്ധ്യതയാണ്.ചെറുകിട സംരംഭകർ ഒറ്റപ്പെട്ടു പോവരുതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ഉടനീളം ഉള്ള മാധ്യമങ്ങളെ കോർപ്പറേറ്റുകൾ വിലയ്ക്കെടുത്തപ്പോൾ ജനങ്ങൾക്കൊപ്പം നിന്ന പ്രസ്ഥാനമാണ് കേരളവിഷനെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സൂര്യ ഗഫൂർ സെമിനാറിൽ പറഞ്ഞു.സാധാരണക്കാരന്റെ വാക്കുകൾ വീടുകളിൽ എത്തിക്കാനും പൊതു സമൂഹത്തെ അറിയിക്കാനും കേരളവിഷൻ മാത്രമാണുള്ളത്.ചെറുകിട രംഗത്തെ കുത്തക വത്കരണത്തെ എതിർക്കാൻ കൂട്ടായ്മകൾ വേണം അതിന് മാതൃകയാണ് കേരളവിഷനെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ രംഗത്ത് ജനകീയ ബദൽ ഒരുക്കിയ കേരളവിഷന്റെ പ്രവർത്തനം മാതൃകാപരമെന്നും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് വിനീഷ് വിദ്യാധരൻ സെമിനാറിൽ വ്യക്തമാക്കി.എളുപ്പവഴികൾ നോക്കുമ്പോൾ ഒരു ബിസിനസും ലാഭത്തിലാവില്ല.ചെറുകിട സംരംഭങ്ങൾക്ക് സാധ്യതകളേറെയുള്ള കാലമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേറ്റുകളുടെ ലോകത്തിൽ കോർപറേറ്റുകൾ ആകുകയല്ല ബദലെന്ന് ഇലക്ട്രിസിറ്റി എംപ്ലോയീസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറി ഡോ. എം. ജി സുരേഷ് കുമാർ സെമിനാറിൽ സൂചിപ്പിച്ചു.അവരുടെ നിയമങ്ങൾ തിരുത്തിയെഴുതാതെ ബദൽ ആവില്ല.കേരളവിഷൻ ചെയുന്നത് ഒരു സമരമാണ്.ജിയോ ചെയുന്നത് പോലെ ചെയ്ത് കേരളവിഷന് ജിയോട് സമരം ചെയ്യാൻ ആവില്ല.കേരളവിഷൻ ചെയ്യുന്നത് മറ്റ് മാർഗങ്ങൾ കണ്ടുപിടിക്കുകയാണ്.വലിയ പരസ്യം കൊടുത്ത് ആകർഷങ്ങളായ വസ്തുക്കൾ കൊടുത്ത് ആളുകളെ കുത്തകകൾ ആക്കുക എന്ന ജിയോയുടെ മാതൃക കേരളവിഷൻ പിന്തുടരുന്നില്ല.അവിടെയാണ് കേരളവിഷൻ ബദൽ ആകുന്നത്.കേബിൾ ഓപ്പറേറ്റർമാരെ സംഘടിപ്പിക്കുന്നു.വീജ്ഞാന വിതരണത്തിൽ കേരളവിഷൻ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ സ്ത്രീകളെകൂടി സംരഭകരായി സംഘടന ഏറ്റെടുക്കണമെന്ന് കുടുംബശ്രീ ജില്ലാ മിഷനെ പ്രതിനിധികരിച്ച് സെമിനാറിൽ പങ്കെടുത്ത രജുല ഐ പറഞ്ഞു.അതിന് പദ്ധതി ആവിഷ്കരിക്കും.കുടുംബശ്രീ ഇത്തവണ സംരഭക വർഷമായി ആചരിക്കുന്നു.കുടുംബശ്രീ എന്നത് മാതൃകപരമായ പ്രസ്‌ഥാനം.40000 സംരംഭങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടങ്ങുമെന്നും രജുല പറഞ്ഞു.
കേരളവിഷൻ ന്യൂസ് ഡയറക്ടർ എ.സി.നിസാർ ബാബു വിശിഷ്ട വ്യക്തികൾ ഉൾപ്പെടെ സെമിനാറിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.