തൃശ്ശൂര്‍: വെളാറ്റഞ്ഞൂരില്‍ മൂന്ന് മക്കളുമായി കിണറ്റില്‍ ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ മരിച്ചു.
വെള്ളാറ്റഞ്ഞൂര്‍ പള്ളിയുടെ സമീപത്തു താമസിക്കുന്ന പൂന്തിരുത്തിയില്‍ അഖിലിന്റെ ഭാര്യ സയന(29)യാണ് മൂന്ന് കുട്ടികളുമായി കിണറ്റില്‍ ചാടിയത്. ഇവരെ അഗ്‌നിരക്ഷാസേനയെത്തി കിണറ്റില്‍ നിന്നു കയറ്റി. അമ്മയെയും മൂന്നു കുഞ്ഞുങ്ങളെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആണ്‍മക്കളായ അഭിജയ് (7) ആദി ദേവ് (6) എന്നിവര്‍ മരിച്ചു.അമ്മ സയനയും ഇളയ പെണ്‍കുട്ടി ഒന്നര വയസ്സുള്ള ആഗ്‌നികയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി അറിയുന്നു.
സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന വീട് വില്‍ക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് സയനയെ മൂന്നു മക്കളുമായി കിണറ്റില്‍ ചാടുവാന്‍ പ്രേരിപ്പിച്ചതെന്നു പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)