കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്തെ വൈദികരുടെ പ്രതിഷേധത്തിൽ നടപടി. സഭാ ആസ്ഥാനത്ത് പ്രതിഷേധിച്ച 21 വെെദികരിൽ ആറ് വൈദികരെ സസ്പെൻഡ് ചെയ്തു. ബസലിക്ക ആസ്ഥാനത്തെ ഗേറ്റ് പ്രതിഷേധക്കാർ തകർത്തു. 15 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. പുലർച്ചെ ബിഷപ്പ് ഹൗസിൽ പ്രാർത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാൻ പൊലീസ് ശ്രമിച്ചതോടെയാണ് സഭാ ആസ്ഥാനത്ത് സംഘർഷത്തിനിടയാക്കിയത്. പ്രായമായ വൈദികരെ മർദിച്ചതായും വലിച്ചിഴച്ചതായും പ്രതിഷേധക്കാർ ആരോപിച്ചു.
ഇന്ന് രാവിലെയാണ് ആറ് വൈദികരെ സസ്പെൻഡ് ചെയ്യുകയും പതിനഞ്ച് വൈദികർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തത്. എന്നാൽ ഇത് സ്വീകരിക്കുകയോ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെ ഈ നടപടി കൈക്കൊള്ളുകയോ ചെയ്യുന്നില്ലെന്ന് അൽമായ മുന്നേറ്റം വ്യക്തമാക്കി.
ഫാ ജോയ്സ് കൈതക്കോട്ടിൽ അങ്കമാലിയിൽ ആരംഭിച്ച നിരാഹാര സത്യഗ്രഹത്തിന്റെ പൂർത്തീകരണമാണ് അരമനയിൽ പ്രവേശിച്ച 21 വൈദികരുടെ പ്രാർത്ഥന യജ്ഞം. ഇവരിൽ പ്രതിഷേധിക്കുന്ന 21 വൈദികരെ സഭാ ആസ്ഥാനത്ത് നിന്നും പുറത്താക്കിയതോടെയാണ് സംഘർഷത്തിലേക്ക് കടക്കുന്നത്.