തിരുവനന്തപുരം: കിളിമാനൂരിലെ മധ്യവയസ്കൻ്റെ മരണം കൊലപാതകം. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ (52) മരിച്ചത് മകൻ്റെ മർദനമേറ്റാണെന്നാണ് പുറത്തുവരുന്ന വിവരം. കൊലക്കേസുമായി ബന്ധപ്പെട്ട് മകൻ ആദിത്യ കൃഷ്ണയെ അറസ്റ്റ് ചെയ്തു. പണം ആവശ്യപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മകനായ ആദിത്യ കൃഷ്ണ ലഹരി ഉപയോഗിക്കുന്ന ആളാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഈ മാസം 15ന് വൈകീട്ട് അഞ്ച് മണിക്കായിരുന്നു വഴക്ക് ഉണ്ടായത്. മാതാവിൻ്റെ മൊബൈൽ ഫോൺ മകൻ ആദിത്യ കൃഷ്ണൻ (22) പിടിച്ചുവാങ്ങിയിരുന്നു. ഈ വിവരം മാതാവ് പിതാവിനെ അറിയിക്കുകയും വീട്ടിൽ വന്ന് മൊബൈൽ തിരിച്ചുനൽകാൻ അച്ഛൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായത്.
ഇതിനിടെ മകൻ പിതാവിൻ്റെ മുഖത്ത് കൈമുറുക്കി ഇടിച്ച ശേഷം ചവിട്ടി വീഴ്ത്തുകയായിരുന്നു. വീഴ്ചയിൽ തറയോടിൽ തലയിടിച്ച് പിതാവിന് ഗുരുതര പരിക്കേറ്റു. മുഖത്തും തലയിലും പരിക്കേറ്റ ഹരികുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ബൈക്ക് അപകടത്തിൽ പരിക്കേറ്റെന്നായിരുന്നു ആശുപത്രിയിൽ അറിയിച്ചിരുന്നത്.
ചികിത്സയിലിരിക്കെ ഹരികുമാർ ഇന്ന് പുലർച്ചെ 2.15നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. തുടർന്നാണ് ബന്ധുക്കളുടെ മൊഴിയെടുത്ത് കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.