കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മാലിന്യ കുഴിയിൽ വീണ് കുഞ്ഞ് മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അപകടത്തിൽ പ്രാഥമിക പരിശോധന കഴിഞ്ഞെന്നും, വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും ആലുവ ഡിവൈഎസ്പി പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മാലിന്യ കുഴിയിൽ വീണ് മൂന്നു വയസുകാരൻ മരിച്ചത്.രാജസ്ഥാൻ സ്വദേശികളുടെ മകൻ റിദാൻ റജ്ജുവാണ് മരിച്ചത്. വിനോദയാത്രയ്ക്കായി നാട്ടിലെത്തിയതായിരുന്നു രാജസ്ഥാൻ കുടുംബം. വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ രക്ഷിതാക്കളുടെ കണ്ണ് തെറ്റിയതും, കുട്ടി ഹോട്ടലിന് പുറത്തേക്ക് പോകുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയ ദമ്പതികൾ ഉടൻ തന്നെ പൊലീസിന് വിവരമറിയിച്ചു.
പോലീസ് എത്തി അന്വേഷിച്ചപ്പോഴാണ് ഹോട്ടലിനോട് ചേർന്നുള്ള മൂടാതെ കിടന്ന മാലിന്യ കുഴയിൽ കുട്ടിയെ കണ്ടെത്തുന്നത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.