കോഴിക്കോട്: ലോ കോളജ് വിദ്യാർഥിനി വാടകവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. തിങ്കളാഴ്ച വൈകിട്ട് 3.30നാണ് വാപ്പോളിത്താഴത്തെ വാടകവീട്ടിൽ മൂന്നാം സെമസ്റ്റർ വിദ്യർഥിനി, തൃശൂർ പാവറട്ടി ഊക്കൻസ് റോഡിൽ കൈതക്കൽ മൗസ മെഹ്റിസിനെ (20) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ സഹപാഠികളായ ആറു പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആൺസുഹൃത്തിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയത്.
മൗസയുടെ മരണത്തിനുശേഷം ഇയാൾ ഒളിവിലാണ്. മൗസയുടെ ഫോണും കണ്ടെത്താനായില്ല. മൗസയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കുടുംബം ആരോപിച്ചിരുന്നു. കോവൂർ സ്വദേശിയായ ആളാണ് മൗസയുടെ ആൺസുഹൃത്ത് എന്നാണു വിവരം. മൗസയുടെ ഫോൺ ഇയാൾ കൊണ്ടുപോയതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. ഇയാൾ വിവാഹിതനാണെന്നും വിവരമുണ്ട്.