ഒന്നരമണിക്കൂര്‍ നീണ്ട എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും വിഫലം. തിരുവനന്തപുരം വെളളനാട് കിണറ്റില്‍ വീണ കരടി ചത്തു. മയക്കു വെടിയേറ്റ കരടി വെള്ളത്തില്‍ മുങ്ങിപ്പോയതാണ് തിരിച്ചടിയായത്.
വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ 20 അടി താഴ്ചയുള്ള കിണറ്റിലാണ് രാത്രിയോടെ കരടി വീണത്. കോഴികളെ പിടിക്കാന്‍ വന്ന കരടി, ആളുകളുടെ ശബ്ദം കേട്ട് ഭയന്നോടുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നു. പിന്‍കാലുകളും മുന്‍കാലുകളും ഉപയോഗിച്ച് കിണറിന്റെ പടവില്‍ അള്ളിപ്പിടിച്ച് കരടി തള്ളിനീക്കിയത് മണിക്കൂറുകളാണ്.
ചിലപ്പോഴൊക്കെ രക്ഷപ്പെടാന്‍ ചില വിഫലശ്രമങ്ങളുമുണ്ടായി. ഒന്നും നടന്നില്ല. എങ്കിലും വെള്ളത്തില്‍ വീഴാതെ ശ്രദ്ധിച്ച്, ജീവന്‍ മുറുകെ പിടിച്ച് തളരാതെ പിന്നെയും നിന്നു മണിക്കൂറുകള്‍. രക്ഷാപ്രവര്‍ത്തകര്‍ കിണറ്റിലേക്കിറങ്ങി രക്ഷിക്കാമെന്ന് വെച്ചാല്‍ കരടി ആക്രമിച്ചാലോ എന്ന ചിന്തകൊണ്ടാണ് മയക്കുവെടിവയ്ക്കാം എന്ന തീരുമാനത്തിലെത്തിയത്.
മയക്കുവെടിയേറ്റ് മയങ്ങിത്തുടങ്ങുന്ന കരടിക്കായി താഴെ വല വിരിക്കുകയും ചെയ്തു. പക്ഷേ, മയങ്ങി കൈകാലുകള്‍ കുഴഞ്ഞ കരടി വലയിലേക്ക് വീഴുന്നതിന് പകരം കിണറിന്റെ അടിത്തട്ടിലേക്ക് ഊര്‍ന്നുപോയി. പിന്നീട് ആശങ്കയുടെ നിമിഷങ്ങള്‍.
രാവിലെ മുതല്‍ ആരംഭിച്ച തീവ്രശ്രമത്തിനൊടുവിലാണ് വനം പകുപ്പും ദ്രുതകര്‍മ്മസേനയും നാട്ടുകാരും ചേര്‍ന്ന് കരടിയെ പുറത്തെത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. കരടിയെ പുറത്തെടുക്കുന്നതില്‍ പാകപ്പിഴ പറ്റിയെന്ന് മയക്കുവെടിവച്ച ഡോക്ടര്‍ ജോക്കബ് അലക്‌സാണ്ടര്‍ പറഞ്ഞു. മയക്കുവെടി വെച്ചത് കൃത്യമായിരുന്നു.
എന്നാല്‍ വലയുടെ ഒരു വശത്ത് മുറുക്കം കുറഞ്ഞതാണ് തിരിച്ചടിയായതെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഇതാണ് കരടി വെള്ളത്തില്‍ വീഴാന്‍ ഇടയാക്കിയത്. അങ്ങേയറ്റം സങ്കടകരമായ അവസ്ഥയാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഒരു നാട് ഒന്നടങ്കം പ്രയത്‌നിച്ചിട്ടും ജീവന്‍ തിരിച്ചുപിടിക്കാനാകാത്തതിന്റെ നൊമ്പരം.