Share this Article
മുന്നിലെ വാഹനം പെട്ടെന്ന് നിർത്തി; സഡൻബ്രേക്ക് ഇട്ട സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ അധ്യാപിക എതിരെ വന്ന സ്കൂൾബസ് കയറി മരിച്ചു
വെബ് ടീം
posted on 06-02-2024
1 min read
School Teacher dies in accident , Son Miraculously Survives

ചിറ്റൂർ: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അധ്യാപികയ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. നല്ലേപ്പിള്ളി കമ്പിളിച്ചുങ്കം നങ്ങാംകുറിശ്ശി റിട്ട. എസ്ഐ ദേവദാസിന്റെ ഭാര്യ മിനി (48) ആണ് മരിച്ചത്. ഇന്നു രാവിലെ 8.30ന് പൊൽപ്പുള്ളി കൂളിമുട്ടത്താണ് അപകടമുണ്ടായത്.

മകനോടൊപ്പം സ്കൂട്ടറിൽ പാലക്കാട്ടേക്കു പോവുകയായിരുന്നു മിനി. ഇതിനിടെ മുൻപിൽ പോവുകയായിരുന്ന വാഹനം പെട്ടെന്നു നിർത്തിയതുകണ്ട് ഇവരും പെട്ടെന്നു ബ്രേക്ക് ഇട്ടു. സ്കൂട്ടറിനു പുറകിലിരുന്ന മിനി ഇതോടെ പിന്നിലേക്കു മലർന്നടിച്ചു വീണു. ഈ സമയം എതിരെ വന്ന സ്കൂൾ ബസിന്റെ ചക്രങ്ങൾ മിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ മിനിയെ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കഞ്ചിക്കോട് ഗവ ഹൈസ്കൂളിൽ ജ്യോഗ്രഫി  അധ്യാപികയാണ് മിനി. അശ്വിൻ ദേവ്, റിസ്വിൻ ദേവ് എന്നിവരാണ് മിനിയുടെ മക്കൾ.

ചിറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കഞ്ചിക്കോട് സ്കൂളിൽ പൊതുദർശനത്തിനു വച്ചു. വൈകിട്ട് സംസ്കാരം നടത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories