കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി കരുണയുടെ കരംനീട്ടി മലയാളികൾ ഉൾപ്പെടെയുള്ള മനുഷ്യസ്‌നേഹികൾ. റഹീമിന്റെ മോചനത്തിനായി ആവശ്യമായ ദയാധനത്തിനു വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിങ് നിശ്ചിത തുകയായ 34 കോടി ആയി. ദയാധനം നൽകാൻ ഇനിയും മൂന്നു ദിവസം ബാക്കിനിൽക്കെയാണ് ലക്ഷ്യത്തിലെത്തിയത് . 34 കോടി പിന്നിട്ടതോടെ സേവ് അബ്ദുല്‍ റഹീം ആപ്പിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്.
റഹീമിന്റെ ജീവൻ രക്ഷിക്കാനായി സ്വദേശമായ ഫറോക്ക് കോടമ്പുഴയിൽ രൂപംനൽകിയ സന്നദ്ധ കൂട്ടായ്മയാണ് ധനസമാഹരണം ഏകോപിപ്പിക്കുന്നത്. ഇതിനായി Save Abdul Rahim എന്ന പേരിൽ ആപ്പും ആരംഭിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകൾ, യു.പി.ഐ ഉൾപ്പെടെയുള്ള മാർഗങ്ങൾക്കു പുറമെ ക്രൗഡ് ഫണ്ടിങ് കൂടുതൽ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് ആരംഭിച്ചത്.
ഫണ്ട് കലക്ഷന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ഓഡിറ്റിങ്ങിനു വേണ്ടി ആപ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നാണ് ആപ്പിൽ അറിയിച്ചിരിക്കുന്നത്. 4.30നുശേഷം സേവനം വീണ്ടും പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ 18 വർഷമായി ജയിലിൽ കഴിയുകയാണ് അബ്ദുൽ റഹീം. 2006ൽ 24ന് 26-ാം വയസിലാണ് കൊലക്കുറ്റം ചുമത്തപ്പെട്ടു ജയിലിലാകുന്നത്. ഡ്രൈവർ വിസയിൽ സൗദിയിലെത്തിയ റഹീമിന് സ്‌പോൺസറുടെ, തലയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട മകൻ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ചിരുന്ന പ്രത്യേക ഉപകരണം വഴിയായിരുന്നു ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്.