Share this Article
image
മകനെ കാത്തിരിക്കുന്ന ഉമ്മയുടെ തോരാക്കണ്ണീർ പുഞ്ചിരിക്ക് വഴിമാറും; ദ റിയൽ കേരള സ്റ്റോറി
വെബ് ടീം
posted on 12-04-2024
1 min read
money-collection-for-abdul-raheem-release-saudi-arabia

സൗദി അറേബിയയിൽ തടവിലുള്ള അബ്ദുൽ റഹീമിന്റെ മോചനത്തിനായി സംസ്ഥാനത്തിന് അകത്തും പുറത്തും സമാനതകളില്ലാത്ത ഫണ്ട് സമാഹരണമാണ് നടന്നത്.രണ്ട് ദിവസം ബാക്കി നില്‍ക്കേ ലക്ഷ്യത്തിലെത്തി നില്‍ക്കുമ്പോള്‍ ഇതാണ് റിയല്‍ കേരള സ്റ്റോറി എന്ന് മലയാളി ലോകത്തോട് വിളിച്ച് പറയുകയാണ്. ഓരോ സെക്കൻഡിലും ലക്ഷങ്ങള്‍ ഒഴുകി എത്തിയതോടെയാണ് റഹീമിന്‍റെ മോചനത്തിന് വേണ്ട തുകയായത്. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നൽകും. 34 കോടിയാണ് മലയാളികള്‍ ഒത്തുചേര്‍ന്നതോടെ സമാഹരിക്കാനായത്. 

ഇനി മരണത്തിന് തൊട്ടരുകിൽനിന്നും അബ്ദുൽ റഹീം നാട്ടിലേക്ക് തിരിച്ചുവരും. പതിനെട്ടു വർഷമായി മകനെ കാത്തിരിക്കുന്ന എഴുപത്തിയഞ്ചുകാരിയായ മാതാവ് ഫാത്തിമയുടെ തോരാക്കണ്ണീർ പുഞ്ചിരിക്ക് വഴിമാറും.കണ്ണില്‍ നിന്നും ഇടമുറിയാതെ ഉതിര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളികള്‍ മാത്രമായിരുന്നു ആ ഉമ്മക്ക് ബാക്കിയുണ്ടായിരുന്നത്. അത് കാണാതെ പോകാൻ മാത്രം കണ്ണും ഹൃദയവും അടഞ്ഞ് പോയവരല്ല മലയാളികളെന്ന് തെളിഞ്ഞ ദിവസമാണ് ഇന്ന്. 

2006ല്‍ തന്റെ 26ാം വയസ്സിലാണ് അബ്ദുല്‍ റഹീമിനെ സൗദിയിലെ ജയിലില്‍ അടച്ചത്. ഡ്രൈവര്‍ വിസയിലാണ് റഹീം ഇവിടെ എത്തിയത്. തലക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. ഫായിസിന് ഭക്ഷണവും വെള്ളവുമുള്‍പ്പെടെ നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഈ കാലയളവിനിടയില്‍ ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല.  പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ്  എം.ഡിയുമായ എം.എ യൂസഫലിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories