കണ്ണൂരിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റാളിക്കാവിന് സമീപത്തെ സുനന്ദ വി ഷേണായി, മകൾ ദീപ വി ഷേണായി എന്നിവരെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടത്. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് .
ഇന്ന് രാവിലെയാണ് വീടിനകത്തു നിന്നും അതിരൂക്ഷമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരിശോധന നടത്തിയത്.വീടിന്റെ ജനൽപ്പാളികൾ തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. മകളുടെ മൃതദേഹം ഡൈനിങ് ഹാളിലും അമ്മയുടേത് അടുക്കളയിലുമാണ് കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫോറൻസിക് വിഭാഗവും ഡോഗ് സ്‌ക്വാടും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദ്ദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.
മൃതദേഹം വീർത്തും നിറം മാറിയ രൂപത്തിലുമാണുള്ളത്.ഇരുവരും 26 ന് രാവിലെ വോട്ട് ചെയ്യാൻ പോയിരുന്നതായും വൈകീട്ട് 3 മണി വരെ വീട്ടിന് പുറത്ത് കണ്ടിരുന്നതായും അയൽവാസികൾ പറയുന്നു.എന്നാൽ അതിനു ശേഷം രണ്ടുദിവസം ഇരുവരെയും വീടിനു പുറത്ത് കണ്ടിട്ടില്ല. ഇരുവരും അയൽവാസികളോട് പോലും ബന്ധം സ്ഥാപിക്കാതെ ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരായിരുന്നു.
സുനന്ദയുടെ ഭർത്താവ് വിശ്വനാഥ ഷേണായി വർഷങ്ങൾക്കു മുന്നേ മരണപ്പെട്ടതിന് ശേഷം അമ്മയും മകളും തനിച്ചണ് ഈ വീട്ടിൽ താമസം. ആദ്യഘട്ട പരിശോധനയിൽ മൃതദേഹങ്ങളിൽ നിന്നു മുറിവുകൾ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. അതിനാൽ തന്നെ ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.
സിറ്റി പോലീസ് കമ്മീഷണർ അജിത്ത്കുമാർ, എസിപി സിബിടോം, സ്പെഷൽ ബ്രാഞ്ച് എസിപി വി വി മനോജ്, സിഐ കെ സി സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത് .