Share this Article
image
പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; പിരിച്ചുവിട്ട എസ്.ഐക്ക് ആറ് വർഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ
വെബ് ടീം
posted on 29-04-2024
1 min read
sixteen-year-old-girl-assaulted-by-sub-inspector-got-six-year-rigorous-imprisonment-with-fine

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പിരിച്ചുവിട്ട എസ് ഐ കോലിക്കോട് സ്വദേശി സജീവ് കുമാറിനെ(54) ആറ് വർഷം കഠിന തടവിനും 25000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ തടവ് അനുഭവിക്കണം എന്ന് ജഡ്ജി ആർ. രേഖ വിധിന്യായത്തിൽ പറയുന്നു. പിഴ തുക കുട്ടിക്ക് നൽകാനും നിര്‍ദേശമുണ്ട്‌.

2019 നവംബർ 26 ന് വൈകുന്നേരം അഞ്ച് മണിക്കാണ് കേസിനാസ്പദമായ സംഭവം. പ്രതി റെസിഡൻസ് അസോസിയേഷൻ്റെ പ്രസിഡൻ്റുംപതിനാറുകാരിയായ  കുട്ടി ചില്‍ഡ്രന്‍സ്‌ ക്ലബിൻ്റെ പ്രസിഡന്റുമായിരുന്നു സംഭവസമയത്ത്. റെസിഡൻസ് അസോസിയേഷൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ലിസ്റ്റ് വാങ്ങാനായി പ്രതി കുട്ടിയെ വീട്ടിൽ വിളിച്ച് വരുത്തുകയായിരുന്നു. പ്രതിയുടെ മകൾ വീട്ടിലുണ്ടാവുമെന്ന് കരുതിയാണ് കുട്ടി പ്രതിയുടെ വീട്ടിൽ പോയത്. 

ലിസ്റ്റ് വാങ്ങുന്നതിനിടെയാണ് പ്രതി കുട്ടിയെ മടിയിൽ പിടിച്ച് ഇരുത്തി കടന്ന്പിടിച്ചു. കുട്ടി പെട്ടന്ന് കൈതട്ടി മാറ്റി വീട്ടിൽ നിന്ന് ഓടി. പ്രതി പുറകെ ഓടി ചെന്ന് ഈ സംഭവത്തിൽ പിണങ്ങരുത് എന്ന് പറഞ്ഞു. സംഭവത്തിൽ ഭയന്ന കുട്ടി അന്നേ ദിവസം ആരോടും പറഞ്ഞില്ല. അടുത്ത ദിവസം കുട്ടി സ്കൂളിലെ അധ്യാപികയോട് ഈ വിവരം വെളിപെടുത്തുകയും പ്രതിയെ പറഞ്ഞ് വിലക്കണമെന്ന് പറയുകയും ചെയ്തു. തുടർന്ന് അധ്യാപികയാണ് സംഭവം പൊലീസിൽ അറിയിച്ചത്.

സംഭവകാലത്ത് പ്രതി ബോംബ്‌ ഡിറ്റെക്ഷൻ സ്ക്വാഡിലെ സബ് ഇൻസ്പെക്ടർ ആയിരുന്നു. സംഭവത്തിന് ശേഷം കേസ് എടുത്തതിനെ തുടർന്ന് പ്രതിയെ സർവ്വീസിൽ നിന്നും പിരിച്ച് വിട്ടു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വിജയ് മോഹൻ ആർ എസ്, അഡ്വ. അഖിലേഷ് ആർ വൈ ഹാജരായി. പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ രേഖകൾ ഹാജരാക്കുകയും, പ്രതിഭാഗം ഏഴ് സാക്ഷികളെ വിസ്തരിക്കുകയും നാലു രേഖകൾ ഹാജരാക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ സഞ്ജു ജോസഫ്, സൈജുനാഥ്, ഡി എസ് സുനീഷ് ബാബു എന്നിവരാണ് കേസ് അന്വേഷിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories