Share this Article
Union Budget
പൂട്ടിയിട്ട കടയ്ക്കുള്ളില്‍ ചില്ലുകൂട്ടിൽ കുടുങ്ങി കുരുവി; ജില്ലാ കളക്ടർ ഇടപെട്ടു, ജഡ്ജി നേരിട്ടെത്തി മോചിപ്പിച്ചു
വെബ് ടീം
posted on 10-04-2025
1 min read
sparrow

കണ്ണൂർ ഉളിക്കലിൽ കേസിൽ പെട്ട് സീൽ ചെയ്ത കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ അങ്ങാടിക്കുരുവിയെ തുറന്നുവിട്ടു. ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തിലാണ് കെട്ടിടം തുറന്നത്. അങ്ങാടിക്കുരുവിയെ തുറന്നുവിടാൻ കളക്ടർ നിർദേശം നൽകിയിരുന്നു. ഉളിക്കൽ പഞ്ചായത്ത്‌ സെക്രട്ടറിക്കാണ് നിർദേശം നൽകിയത്. ഇതിനെത്തുടർന്നാണ് കുരുവിയെ തുറന്നുവിട്ടത്.

മാസങ്ങൾക്ക് മുമ്പ് വ്യാപാരികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് കെട്ടിടം സീൽ ചെയ്തത്.കേസിൽ പെട്ടതിനാൽ കോടതി ഉത്തരവില്ലാതെ കെട്ടിടം തുറന്ന് പക്ഷിയെ പുറത്തെത്തിക്കാൻ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല.സംഭവം അറിഞ്ഞതിനെ തുടർന്ന് നിരവധി നാട്ടുകാരാണ് കെട്ടിട്ടത്തിന് ചുറ്റും എത്തിയിരുന്നത്. 

കണ്ണൂർ ഉളിക്കൽ ടൗണിൽ പുതുതായി ആരംഭിച്ച വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഷട്ടറിനുള്ളിലേക്ക് അങ്ങാടിക്കുരുവി വന്നുപെടുകയായിരുന്നു. ഗ്ലാസ്സിലെ ചെറിയ ദ്വാരത്തിലൂടെ അകത്തേക്ക് കയറിയ പക്ഷിക്ക്, പുറത്തേക്ക് പോകാൻ സാധിച്ചില്ല. സമീപത്തെ വ്യാപാരികളും ടാക്സി തൊഴിലാളികളും വെള്ളവും തീറ്റയും ചില്ലു കൂടിനുള്ളിലേക്ക് എത്തിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇത് പൂർണമായും ഫലം കണ്ടിട്ടില്ല. വില്ലേജ് ഓഫീസർ സ്ഥലത്ത് എത്തുകയും ജില്ലാ കളക്ടറെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കുരുവിയെ തുറന്നുവിടാൻ കളക്ടർ ഉത്തരവിട്ടത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories