വിഷുവിനെ വരവേൽക്കാൻ നാട് ഒരുങ്ങിയതോടെ കണി ചട്ടികൾ നിർമ്മിക്കുന്നതിൻ്റെ തിരക്കിലാണ് കാസർഗോട്ടെ എരിക്കുളം ഗ്രാമം. വലിയ ലാഭമില്ലെങ്കിലും, നൂറ്റാണ്ടുകളുടെ പാരമ്പര്യം നിലനിർത്തി,കണി കലങ്ങളും മൺപാത്രങ്ങളും നിർമ്മിക്കുയാണ് ഈ കുടുംബങ്ങൾ.അരലക്ഷത്തിലധികം കലങ്ങളാണ് ഇത്തവണ എരിക്കുളത്ത് വിപണിയിലെത്തുന്നത് .
കണിക്കലങ്ങൾ നിർമ്മിക്കുന്നതിൻ്റെ തിരക്കിലാണ് എരിക്കുളത്തെ ഓരോ വീടുകളും.300 മുതൽ 400 വരെ കലങ്ങളാണ് വിഷു ലക്ഷ്യമാക്കി ഓരോ വീടുകളിലും ഉണ്ടാക്കുന്നത്.ഇതിൻ്റെ ഒരുക്കങ്ങൾ രണ്ട് മാസം മുമ്പ് ആരംഭിച്ചിരുന്നു.എരിക്കുളം വയലിൽ നിന്ന് ശേഖരിക്കുന്ന കളിമണ്ണ് ഉപയോഗിച്ചാണ് കണി ചട്ടിയും മറ്റ് മൺപാത്രങ്ങളും നിർമ്മിക്കുന്നത്.
വിവിധ വലുപ്പത്തിലുള്ള കണി ചട്ടികൾ വീട്ടുമുറ്റങ്ങളിൽ നിരത്തി,വെയിൽ കൊള്ളിച്ച് ഉണക്കി എടുക്കുന്ന ഇവ പിന്നീട് കനലിൽ വച്ച് ചൂടാക്കി എടുക്കുന്നതോടെയാണ് വില്പനക്കായി തയ്യാറാകുന്നത്.വിഷു ഇവർക്ക് പ്രതീക്ഷയുടെ കാലമാണ്. കണിക്കലങ്ങൾ തലചുമടായി വീടുകളിലേക്ക് കൊണ്ട് പോയി വില്പന നടത്തുന്നതാണ് പതിവ്. ഇപ്പോൾ കടകളിലേക്കും മൺകലങ്ങൾ നൽകി വരുന്നു.
120 ഓളം വീടുകൾ പാരമ്പര്യം കൈവിടാതെ ഇവ ഉണ്ടാക്കുന്നതിൽ സജിവമാണ്.വലിപ്പത്തിന് അനുസരിച്ച് 200 മുതൽ 300 രൂപ വരെയാണ് വില. കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം, വിഷുകാലത്തെ വിറ്റുവരവ് വലിയ പ്രതീക്ഷയാണ്. ഇത്തവണ അര ലക്ഷത്തിലധികം കണിച്ചട്ടികളാണ് വിപണിയിലെത്തിക്കുന്നത്. മടിക്കൈ എരിക്കുളത്തെ മൺപാത്ര നിർമ്മാണത്തിന് 400 വർഷത്തിലേറെ പഴക്കമുണ്ട്.